Bharatiya Antariksha Station by 2035: ഭാരത് ബഹിരാകാശ നിലയം 2035 ഓടെ യാഥാര്‍ഥ്യമാകും; 2040ല്‍ ആദ്യ ഇന്ത്യക്കാരന്റെ യാത്ര
ISRO Space Station Updates: 2025ന്റെ ആദ്യമോ അല്ലെങ്കില്‍ 2026ന്റെ തുടക്കത്തിലോ ഗഗയാന്‍ പദ്ധതിക്ക് കീഴില്‍ ആദ്യത്തെ ഇന്ത്യന്‍ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കും. കൂടാതെ ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി 6,000 മീറ്റര്‍ താഴ്ചയിലേക്ക് മനുഷ്യരെ അയക്കാനും പദ്ധതിയിടുന്നതായി ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: 2035 ഓടെ ഇന്ത്യ ചന്ദ്രനില്‍ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് കേന്ദ്ര സാങ്കേതിക ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഭാരത് ബഹിരാകാശ നിലയം എന്നായിരിക്കും അതിന് നല്‍കുന്ന പേരെന്നും മന്ത്രി പറഞ്ഞു. 2040ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2025ന്റെ ആദ്യമോ അല്ലെങ്കില്‍ 2026ന്റെ തുടക്കത്തിലോ ഗഗയാന്‍ പദ്ധതിക്ക് കീഴില്‍ ആദ്യത്തെ ഇന്ത്യന്‍ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കും. കൂടാതെ ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി 6,000 മീറ്റര്‍ താഴ്ചയിലേക്ക് മനുഷ്യരെ അയക്കാനും പദ്ധതിയിടുന്നതായി ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ ഉപഗ്രഹ നിര്‍മാണത്തിലും വിക്ഷേപണത്തിലുമെല്ലാമുള്ള സ്വകാര്യ കമ്പനികളുടെ പങ്ക് വളരെ വലുതാണ്. ഇത് വളരെയധികം പുരോഗതി കൈവരിക്കാന്‍ രാജ്യത്തെ സഹായിച്ചു.
2014ല്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഒന്ന് മാത്രമായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോഴേക്ക് അത് 266 ആയി വര്‍ധിച്ചു. ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യ ഇതുവരെ 432 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 397 എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിക്ഷേപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
Also Read: ISRO Free Course: സൗജന്യ എഐ കോഴ്സുകളുമായി ഐഎസ്ആർഒ; എങ്ങനെ അപേക്ഷിക്കാം?
ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ എന്ന പേരില്‍ ഏജന്‍സികള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗഗയാന്‍ ദൗത്യം വിക്ഷേപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നുണ്ട്.
ഇതുകൂടാതെ, ചന്ദ്രയാന്‍ 4 വഴി ചന്ദ്രശിലകളുടെ സാമ്പിളുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാനും ശുക്രനെ കുറിച്ച് പഠിക്കാനും അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2047 ഓടെ ശാസ്ത്രത്തിലും ബഹിരാകാശ രംഗത്തും വലിയ വളര്‍ച്ച കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.