Atul Subhash Death Case: ലൊക്കേഷൻ മാറ്റിക്കൊണ്ടിരുന്നു; ഫോൺവിളി വാട്ട്സാപ്പിൽ; എന്നാൽ നികിത അബദ്ധം കാണിച്ചു; ഒടുവിൽ പിടിയിൽ
Bengaluru techie Atul Subhash Death Case:ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. ഇപ്പോഴിതാ ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ നികിത സിംഘാനിയ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. ഇപ്പോഴിതാ ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
സംഭവത്തിൽ പിടിയിലാകുമെന്ന് മനസ്സിലാക്കിയ നികിതയും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. ഇതിനു പിന്നാലെ സ്വയം രക്ഷയ്ക്ക് ഓരോ തവണയും ലൊക്കേഷൻ മാറ്റാൻ നികിത ശ്രദ്ധിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ വിളിക്കാൻ വാട്ട്സാപ്പാണ് നികിതയും കുടുംബവും ഉപയോഗിച്ചത്. ഇതിനിടയിലും മുൻകൂർ ജാമ്യത്തിനും നികിത ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാം ശ്രദ്ധിച്ച് ചെയ്ത നികിത ഒടുവിൽ കാണിച്ച അബദ്ധമാണ് പിടിയിലായത്. ഇടയ്ക്ക് നികിത ചെയ്ത ഒരു ഫോൺ കോളാണ് കുടുക്കിയത്. ഇത് ട്രാക്ക ചെയ്ത ബെംഗളൂരു പോലീസ് നികിതയെ വിദഗ്ധമായി കുരുക്കി. ബംഗളൂരു പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള വീട് പ്രതികൾ പൂട്ടിയിട്ടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജൗൻപൂരിലെത്തിയ ബെംഗളൂരു പോലീസ് സംഘം പ്രതികളുടെ വീട്ടിൽ മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. തുടർന്ന് സിംഘാനിയാ കുടുംബത്തിൻ്റെ അടുത്ത ബന്ധുക്കളുടെ പട്ടികയും സംഘം തയ്യാറാക്കി നിരീക്ഷിച്ചു. എന്നാൽ പ്രതികൾ വാട്ട്‌സ്ആപ്പിൽ മാത്രം കോളുകൾ ചെയ്തതിനാൽ അവരെ ട്രാക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി സിംഘാനിയ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
Also Read: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍
നികിത ചെയ്ത അബദ്ധം
ഒളിവിൽ പോയ നികിത ഗുരുഗ്രാമിൽ ഒരു പേയിംഗ് ഗസ്റ്റായാണ് താമസിച്ചത്. അമ്മയും സഹോദരനും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ജുസി ടൗണിലാണ് ഒളിച്ചത്. ഇതിനിടെയിൽ ഇവരെല്ലാം വാട്സ്ആപ്പ് വഴി പരസ്പരം ആശയവിനിമയം നടത്തുന്നുമുണ്ടായിരുന്നു. പക്ഷേ, നികിത തൻ്റെ അടുത്ത ബന്ധുക്കളിൽ ഒരാളെ അബദ്ധത്തിൽ വിളിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ഗുരുഗ്രാമിലെ റെയിൽ വിഹാറിലെ പിജി താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് നികിത അമ്മയെ വിളിച്ചു. തുടർന്ന് പോലീസ് അവരെ ജുസി ടൗണിൽപ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിമാനമാർഗം ബെംഗളൂരുവിലെക്ക്
പിടിയിലായ നികിതയടക്കമുള്ള മൂന്നുപേരേയും വിമാനമാർഗമാണ് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെയിൽ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. വിമാനത്തിലെ മറ്റുയാത്രികർ ഇവരെ തിരിച്ചറിയരുതെന്ന വെല്ലുവിളിയായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്. പ്രതികൾ പിടിയിലായ വിവരം ബെംഗളൂരുവിലെത്തുംവരെ മാധ്യമങ്ങളെ അറിയിക്കാതെ പോലീസ് ശ്രദ്ധിച്ചിരുന്നു. യാതൊരുവിധ പ്രതിഷേധത്തിനും ഇടംകൊടുക്കാതെ വിമാനത്താവളത്തിന് പുറത്തെത്തുംവരെ ജാഗരൂകരായിരുന്നു ബെംഗളൂരു പോലീസ്. വിമാനമിറങ്ങിയശേഷം മൂന്നുപേരേയും വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുകയും ജയിലിലേക്കയയ്ക്കുകയും ചെയ്തു.
നികിതയുടെ മൊഴി
അതുലിനെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും തന്നെയാണ് അതുൽ പീഡിപ്പിച്ചതെന്നാണ് നികിത പോലീസിനോട് പറഞ്ഞത്. പണം വേണമെങ്കിൽ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങില്ലായിരുന്നുവെന്നും നികിത പറഞ്ഞു. അതേസമയം ഭാര്യയും ഭാര്യ വീട്ടുക്കാരും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകൾ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുൽ സുഭാഷ് തൻ്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുൻപ് അതുൽ സുഭാഷ് പറഞ്ഞു.