PVR Advertisement: 25 മിനിറ്റ് പരസ്യം കാണിച്ച് തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് പരാതി; പിവിആറിന് 1,00,000 രൂപ പിഴയിട്ട് കോടതി
PVR Advertisement Case: സമയത്തെ പണം പോലെ തന്നെ കണക്കാക്കണം എന്നും ഒരാളുടെ നേട്ടത്തിന് വേണ്ടി മറ്റൊരാളുടെ സമയം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരു: സിനിമ തുടങ്ങുന്നതിന് മുമ്പ് 25 മിനിറ്റോളം നീണ്ട പരസ്യം കാണിച്ച് തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് പരാതി നൽകി യുവാവ്. പരാതിയിൽ പിവിആർ ഇനോക്സ് തീയേറ്ററിന് 65,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ഇതിന് പുറമെ ഒരു ലക്ഷം രൂപ വെൽഫെയർ ഫണ്ടിലേക്കും സംഭാവന ചെയ്യണം.
2023ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെംഗളൂരു സ്വദേശിയായ അഭിഷേക് ആണ് പരാതിക്കാരൻ. ‘സാം ബഹദൂർ’ എന്ന സിനിമയുടെ പ്രദർശനത്തിന് വൈകുന്നേരം 4.05ന് തുടങ്ങുന്ന ഷോയ്ക്കായിരുന്നു ഇയാൾ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ പരസ്യത്തിന് ശേഷം സിനിമ ആരംഭിച്ചത് 4.30 ന് ആണ്. ഇത് മൂലം സിനിമയ്ക്ക് ശേഷം താൻ പ്ലാൻ ചെയ്തിരുന്ന ജോലി സംബന്ധമായ കാര്യങ്ങൾ ഒന്നും തന്നെ നടന്നില്ലെന്നും, ഇത് സമയ നഷ്ടത്തിനൊപ്പം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ പരാതി.
കേസ് പരിഗണിച്ച കോടതി ഇക്കാര്യം ശരിവെച്ചു. സമയത്തെ പണം പോലെ തന്നെ കണക്കാക്കണം എന്നും ഒരാളുടെ നേട്ടത്തിന് വേണ്ടി മറ്റൊരാളുടെ സമയം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 25 മിനിറ്റോളം തീയറ്ററിൽ തനിക്ക് താല്പര്യമില്ലാത്തത് കാണാൻ യുവാവ് നിർബന്ധിക്കപ്പെടുകയായിരുന്നു എന്നും അനാവശ്യ പരസ്യങ്ങൾ കാണിക്കുന്നത് കൃത്യമായ ഷെഡ്യൂൾ പിന്തുടരുന്ന തിരക്കുള്ള വ്യക്തികൾക്ക് താങ്ങാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
ചില പൊതുതാത്പര്യ പരസ്യങ്ങൾ കാണിക്കാൻ തീയറ്ററുകൾക്ക് നിയപരമായ ബാധ്യത ഉണ്ടെന്ന് തീയറ്റർ അധികൃതർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല പരസ്യങ്ങൾ ഉണ്ടെങ്കിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പോ രണ്ടാം ഭാഗം തുടങ്ങുന്നതിന് മുമ്പോ ഉള്ള ഇടവേള സമയത്ത് പത്ത് മിനിറ്റിൽ കൂടുതൽ കാണിക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു.
പരാതിക്കാരന്റെ സമയം നഷ്ടപെടുത്തിയതിനും നീതിയുക്തമല്ലാത്ത നടപടികൾ തീയറ്റർ അധികൃതർ സ്വീകരിച്ചതിനുമാണ് കോടതി 50,000 രൂപ പിഴ വിധിച്ചത്. ഇതിന് പുറമെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് 5000 രൂപയും മറ്റ് കോടതി ചിലവിന് 10,000 രൂപയും പിഴ വിധിച്ചു. കൂടാതെ വെൽഫെയർ ഫണ്ടിനും ഒരു ലക്ഷം രൂപ സംഭാവന ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15നായിരുന്നു കേസിലെ കോടതി വിധി. വിധി പറഞ്ഞ് 30 ദിവസത്തിനുളിൽ ഉപഭോക്താവിന് പണം നൽകണം എന്നും ഉത്തരവിൽ ഉണ്ട്.