Bengaluru Nursing Student Death: ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ
Bengaluru Malayali Nursing Student Suicide Case: പ്രിൻസിപ്പാളിന്റെയും അധ്യാപികയുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കർണാടക: ബെംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുത്ത് യൂണിവേഴ്‌സിറ്റി മാനേജ്മന്റ്. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളിനെയും അസോസിയേറ്റ് പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു. രാമാനഗര ഹാരോൾയിലെ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി മാനേജ്‌മന്റ് ആണ് നടപടി സ്വീകരിച്ചത്. പ്രിൻസിപ്പാളിന്റെയും അധ്യാപികയുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് യൂണിവേഴ്‌സിറ്റി മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. ഇവർ ഇരുവരും കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും മാറ്റി നിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ഹാരോഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ: മുറിവ് തുന്നിച്ചേർക്കുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചു; നഴ്‌സിന് സസ്‌പെൻഷൻ
കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലം വീട്ടിൽ വിനീതിന്റെ മകൾ അനാമിക വിനീത് എന്ന 19കാരിയെ ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാമാനഗര ഹാരോൾയിലെ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിംഗ് കോളേജ് ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥി ആയിരുന്നു അനാമിക.
ജനുവരി 4ന് രാത്രിയാണ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. റൂമിൽ കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥിനി നാട്ടിൽ പോയതിനാൽ അനാമിക മുറിയിൽ ഒറ്റയ്ക്കായിരുന്നു. പ്രിൻസിപ്പാളിൽ നിന്നും അധ്യാപികയിൽ നിന്നും മാനസിക പീഡനം അനുഭവിച്ചതായി വ്യതമാക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.