Train Derailed: ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ
Train Derails In Cuttack: ഒഡീഷയിലെ കട്ടക്കിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 11 കോച്ചുകൾ മറിഞ്ഞു എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് അസമിലെ കമഖ്യ വരെ സർവീസ് നടത്തുന്ന ട്രെയിൻ പാളം തെറ്റി 11 ബോഗികൾ മറിഞ്ഞു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. എസ്എംവിടി ബെംഗളൂരു – കമഖ്യ എസി എക്സ്പ്രസാണ് മാംഗുലിയക്കടുത്ത് നിർഗുണ്ടിയിൽ വച്ച് പാളം തെറ്റിയത്. പകൽ 11.54ഓടെയായിരുന്നു അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രെയിനപകടത്തിൽ ഇതുവരെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാഹിതങ്ങളൊന്നും ഇതുവരെയില്ലെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ചു എന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഫയർ സർവീസുകളെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും വിവരമറിയിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് ഒരു റിലീഫ് ട്രെയിൻ അയച്ചിട്ടുണ്ട്. മറ്റ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട് എന്നും അശോക് കുമാർ മിശ്ര പറഞ്ഞു.
അത്യാഹിതം അറിയിക്കാനായി 8455885999, 8991124238 എന്നീ രണ്ട് ഹെല്പ്‌ലൈൻ നമ്പരുകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് കുടുങ്ങിയ യാത്രക്കാരെ അതാത് സ്ഥലങ്ങളിലേക്കെത്തിക്കാൻ വേണ്ട തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിലവിൽ ഈ പാളത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പല ട്രെയിനുകളെയും വഴിതിരിച്ച് വിടുന്നുണ്ട്.