Viral Video: ബുക്ക് ചെയ്ത ഓട്ടോ റദ്ധാക്കി മറ്റൊരു ഓട്ടോയിൽ പോയി; രോഷാകുലനായ ഡ്രൈവർ യുവതിയെ തല്ലി, വീഡിയോ വൈറൽ
Bengaluru Auto Driver Slaps Woman Over Cancelled Ola Ride: ഒല വഴി ബുക്ക് ചെയ്ത ഓട്ടോ റദ്ധാക്കി മറ്റൊരു ഓട്ടോയിൽ സഞ്ചരിച്ച യുവതിയെ ഡ്രൈവർ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്തു.
ഒല വഴി ബുക്ക് ചെയ്ത ഓട്ടോ റദ്ധാക്കി മറ്റൊരു ഓട്ടോയിൽ സഞ്ചരിച്ചെന്ന പേരിൽ യുവതിയെ തല്ലി ഓട്ടോ ഡ്രൈവർ. കഴിഞ്ഞ ദിവസം ബെംഗളൂരിവിലാണ് സംഭവം നടന്നത്. രണ്ടു യുവതികൾ ചേർന്ന് ആദ്യം ഒല വഴി ഓട്ടോ ബുക്ക് ചെയ്‌തെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ബുക്കിംഗ് റദ്ധാക്കി ലക്ഷ്യസ്ഥാനത്ത് എത്താനായി മറ്റൊരു ഓട്ടോ വിളിക്കുകയായിരുന്നു. ബുക്കിംഗ് റദ്ധാക്കിയതിൽ രോഷാകുലനായ ഡ്രൈവർ, അതിലൊരു യുവതിയെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തു. വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ ആയതോടെ ബെംഗളൂരു പോലീസ് ഓട്ടോഡ്രൈവർ ആർ മുത്തുരാജിനെതിരെ കേസെടുത്തു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും, അദ്ദേഹത്തിന്റെ ലൈസൻസ് റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് കമെന്റുകൾ ഇട്ടത്.
ഓട്ടോഡ്രൈവറും യുവതിയും തമ്മിലുള്ള വാഗ്‌വാദം കനത്തതോടെ ഡ്രൈവർ ‘തന്റെ അച്ഛൻ ഇന്ധനത്തിനുള്ള പൈസ തരുമോ’ എന്നാണ് യുവതിയോട് ചോദിച്ചത്. ഇതും വീഡിയോയിൽ കൃത്യമായി കേൾക്കാൻ കഴിയുന്നുണ്ട്. “ഓട്ടോ ഡ്രൈവർമാർ ഇത്തരത്തിൽ ബുക്ക് ചെയ്ത സവാരികൾ പലപ്പോഴും റദ്ധാക്കാറുണ്ട്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഞങ്ങൾ ഓട്ടോ ബുക്ക് ചെയ്തത്. അതിനാൽ ഞങ്ങൾ രണ്ട് പേരും രണ്ട് ഓട്ടോ ബുക്ക് ചെയ്തിരുന്നു. അതിൽ ആദ്യം വരുന്ന ഓട്ടോയിൽ കയറാമെന്നാണ് കരുതിയത്. ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യം വന്നു. അതിൽ കയറി പോകുമ്പോഴാണ് ഈ ഡ്രൈവർ ഞങ്ങളെ പിന്തുടർന്ന് വന്നത്. സംഭവം അദ്ദേഹത്തിന് വിശദീകരിച്ച് നൽകിയെങ്കിലും ഞങ്ങളോട് മോശമായി സംസാരിക്കുകയാണ് ചെയ്തത്’ യുവതി എക്‌സിൽ കുറിച്ചു.
Yesterday I faced severe harassment and was physically assaulted by your auto driver in Bangalore after a simple ride cancellation. Despite reporting, your customer support has been unresponsive. Immediate action is needed! @Olacabs @ola_supports @BlrCityPolice pic.twitter.com/iTkXFKDMS7
— Niti (@nihihiti) September 4, 2024
പൈസ കൊടുത്ത് വാങ്ങിയ ഇന്ധനം വെറുതെ ചെലവായിയെന്നാണ് ഡ്രൈവറുടെ വാദം. ഇരുകൂട്ടരും തമ്മിൽ വഴക്ക് കനത്തപ്പോൾ യുവതി പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. എങ്കിൽ നമുക്ക് ഒരുമിച്ച് സ്റ്റേഷനിലോട്ട് പോകാം, ഇത് പറഞ്ഞ് എന്നെ ഭയപ്പെടുത്താനാകില്ലെന്ന് ഡ്രൈവറും പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പകർത്തി കൊണ്ടിരുന്ന യുവതിയിൽ നിന്നും ഡ്രൈവർ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും ചെയ്യുന്നുണ്ട്. “എനിക്കിതുവരെ ബാംഗ്ലൂർ ഇത്ര സുരക്ഷിതമല്ലെന്ന് തോന്നിയിട്ടേയില്ല. ഒല ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം. പരാതിക്കൊപ്പം തെളിവിനായി ഞാൻ റെസിപ്പ്റ്റും, വീഡിയോയും ഹാജരാക്കുന്നുണ്ട്. അതോടൊപ്പം സാക്ഷിയായി, ഞങ്ങൾ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറുടെ നമ്പറും കൊടുക്കുന്നുണ്ട്” എന്നും യുവതി എക്‌സിൽ കുറിച്ച്.
“ഭാഗ്യവശാൽ ഞങ്ങളുടെ ഓട്ടോ ഡ്രൈവർ ഞങ്ങളെ പ്രശ്‌നം നടക്കുന്ന സ്ഥലത്ത് നിന്നും പെട്ടെന്ന് തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. എന്നാൽ ഒലയുടെ മറുപടിയിൽ ഞങ്ങൾ നിരാശരാണ്. ഈ വിവരം റിപ്പോർട്ട് ചെയ്തുകഴിഞ്ഞപ്പോൾ സിസ്റ്റത്തിൽ നിന്നും സ്വയമേവ വരുന്ന മറുപടി മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ അവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല” എന്നും യുവതി പറഞ്ഞു. എന്നാൽ ‘ഒല സപ്പോർട്ട്’ വൈകാതെ തന്നെ പിന്തുണയുമായി രംഗത്ത് വന്നു. ഓട്ടോ ഡ്രൈവറുടെ വിവരങ്ങൾ ഇമെയിൽ വഴിയോ മെസ്സേജ് വഴിയോ പങ്കുവയ്ക്കാൻ ഒല യുവതിയോട് ആവശ്യപ്പെട്ടു. വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ഒല അറിയിച്ചു.