BBC India: ബിബിസി ഇന്ത്യക്ക് ഇഡിയുടെ കോടികൾ പിഴ; ഡയറക്ടർമാരും പിഴയൊടുക്കണം; നടപടി വിദേശവിനിമയ ചട്ടലംഘനത്തിനെതിരെ
BBC India Fined By ED: ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപയ്ക്ക് പിഴയിട്ട് ഇഡി. ഇന്ത്യയുടെ വിദേശ വിനിമയച്ചട്ടത്തിൻ്റെ (ഫെമ) ലംഘനത്തിനാണ് ബിബിസി ഇന്ത്യക്കെതിരെ ഇഡി നടപടിയെടുത്തത്. നടപടിയിൽ ബിബിസി ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി) ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് പിഴയിട്ടത്. ഇന്ത്യയുടെ വിദേശ വിനിമയച്ചട്ടത്തിൻ്റെ (ഫെമ) ലംഘനത്തിനാണ് ബിബിസി ഇന്ത്യക്കെതിരെ ഇഡിയുടെ നടപടി. ഇതോടൊപ്പം ബിബിസി ഇന്ത്യയുടെ മൂന്ന് ഡയറക്ടർമാർക്കും പിഴയിട്ടിട്ടുണ്ട്. ഇഡി നടപടിയിൽ ബിബിസി ഇന്ത്യ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പ്രതികരണമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശഫണ്ടിൻ്റെ പരിധി 26 ശതമാനമാണെന്നും അത് ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി ഇഡി അറിയിച്ചു. 2021 ഒക്ടോബർ 15 മുതൽ ഓരോ ദിവസവും 5000 രൂപ വീതമാണ് ബിബിസി ഇന്ത്യക്ക് ചുമത്തിയിരിക്കുന്ന പിഴ. 3,44,48,850 രൂപയാണ് ആകെ പിഴത്തുക. ഇതിനൊപ്പം ഡയറക്ടർമാരായിരുന്ന ഗിലെസ് ആൻ്റണി ഹണ്ട്, പോൾ മൈക്കിൾ ഗിബ്ബൺസ്, ഇന്ദു ശേഖർ സിൻഹ എന്നിവർക്കും ഇഡി പിഴയിട്ടിട്ടുണ്ട്. ഓരോരുത്തരും 1.14 കോടി രൂപം വീതം പിഴയടക്കണം. 1,14,82,950 രൂപ വീതമാണ് കൃത്യമായ പിഴ. നിയമലംഘനം നടന്ന കാലയളവിൽ കമ്പനിയുടെ തലത്തുണ്ടായിരുന്നവരെന്ന നിലയിലാണ് ഇവർക്ക് പിഴയിട്ടത്.
2023 ഫെബ്രുവരിയിൽ ബിബിസി ഇന്ത്യയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിബിസി ഇന്ത്യ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് അന്ന് ആരോപിച്ചിരുന്നു. അയച്ച നോട്ടീസുകൾക്ക് ബിബിസി ഇന്ത്യ മറുപടിനൽകിയില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങൾ ബിബിസി ഇന്ത്യ പാലിച്ചില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചു. ഇതേ തുടർന്നാണ് ചാനലിൻ്റെ ഓഫീസിൽ പരിശോധന നടത്തിയത്.
2023 ഫെബ്രുവരിയിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെ 2023 ഏപ്രിലിലാണ് ഫെമ നിയമപ്രകാരം ബിബിസി ഇന്ത്യക്കെതിരെ ഇഡി കേസെടുത്തത്. വിദേശ വിനിമയ നിയന്ത്രണച്ചട്ടം ലംഘിച്ചതിനും നികുതിവെട്ടിപ്പിനുമായിരുന്നു കേസ്. ആദായനികുതി വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും ലാപ്ടോപ്പുകളും വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു ബിബിസി ഇന്ത്യക്കെതിരായ ഇഡിയുടെ നടപടി.