Ex Minister Baba Siddique: മഹാരാഷ്ട്ര മുൻമന്ത്രിയുടെ മരണം, രണ്ട് പേർ അറസ്റ്റിൽ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘം?
Maharashtra Ex Minister Baba Siddique Murder: കേസിൽ രണ്ട് പേർ അറസ്റ്റിലായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥിരീകരിച്ചു. കേസ് അതിവേഗ കോടതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ വിഭാഗം (എൻസിപി) നേതാവുമായ ബാബ സിദ്ധിഖ് കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് നിഗമനത്തിൽ മുംബെെ പൊലീസ്. സംഘത്തിന് കൊലപാതകത്തിൽ ബന്ധമുണ്ടെന്ന് മുംബെെ പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കൊലപാതകത്തിന് ഉപയോഗിച്ച 9.9M പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു. ഇന്നലെയാണ് മുംബെെയിലെ ബാന്ദ്രയിൽ വച്ച് കാറിൽ കയറുന്നതിനിടെ ബാബ സിദ്ധിഖിന് വെടിയേറ്റത്.
കേസിൽ രണ്ട് പേർ അറസ്റ്റിലായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥിരീകരിച്ചു. കേസ് അതിവേഗ കോടതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ”ബാബ സിദ്ധിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കൊലപാതകികളിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. യുപി, ഹരിയാന സ്വദേശികളാണ പ്രതികൾ. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. ക്രമസമാധാനം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം പ്രതി മുംബെെ പൊലീസിന്റെ നീരിക്ഷണത്തിലാണ്. ഇയാളെ ഉടൻ പിടികൂടും. പ്രതികളുടെ വിചാരണ അതിവേഗ കോടതിയിലാകും നടക്കുകയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയുള്ള നടൻ സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുകളിൽ ഒരാളാണ് കൊല്ലപ്പെട്ട ബാബ സിദ്ധിഖ്.
അതേസമയം, മുംബെെ പൊലീസിന്റെ അഞ്ച് സംഘങ്ങളാണ് കേസ് അന്വേഷിക്കുക. കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പങ്കാളിത്തം അന്വേഷിക്കുമെന്നും മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബാബ സിദ്ധിഖിയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹത്തിന് വെെ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാത്രിയാണ് അക്രമികൾ വെടിയുതിർത്തത്. വയറ്റിലും നെഞ്ചിലും വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 10 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സിദ്ധിഖിന്റെ മകന്റെ ഓഫീസിന് സമീപം ദസറ ആഘോഷങ്ങൾ നടക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി അക്രമികൾ വെടിയുതിർത്തത്.
തുണി കൊണ്ട് മുഖം മറച്ച നിലയിലാണ് ബെെക്കിൽ അക്രമികൾ മുന്നറിയിപ്പ് ഒന്നും കൂടാതെ സിദ്ധിഖിന് നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിർത്തപ്പോൾ ഒരെണ്ണം സിദ്ധിഖിന്റെ നെഞ്ചിൽ തുളച്ചു കയറിയതോടെ അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. ആറ് വെടിയുണ്ടകളാണ് ബാബ സിദ്ധിഖിന്റെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്.
മൂന്ന് തവണ മുൻ എംഎൽഎ ആയിരുന്ന ബാബ സിദ്ധിഖ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻസിപിയിൽ ചേർന്നത്. മഹാരാഷ്ട്രയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് എൻസിപി നേതാക്കളാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ച ദക്ഷിണ മുംബൈയിലെ ബൈകുല്ല മേഖലയിൽ എൻസിപി നേതാവ് സച്ചിൻ കുർമി കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.