Ayushman Bharat : അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ വയോജനങ്ങൾക്ക്; രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ
Ayushman Bharat scheme with free health insurance: 70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകാനുള്ള വഴിയും ഇതിലൂടെ തുറക്കും.
കോഴിക്കോട്: വയോജന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന വിവരം പുറത്തു വരുന്നു. 70 വയസ്സു കഴിഞ്ഞവർക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ഉള്ളത്. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള പരിരക്ഷയാണ് ഇത്. ആയുഷ്മാൻ പദ്ധതി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസം ഉണ്ടാകും എന്നാണ് വിവരം.
23-ന് രാവിലെ രജിസ്‌ട്രേഷൻ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഡിജിറ്റൽ സേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷൻ സാധ്യമായേക്കും എന്നാണ് നിലവിൽ കരുതുന്നത്. നിലവിൽ കേരളത്തിൽ 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല എന്നത് ഒരു പ്രശ്നമാണ്. കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണം.
ഈ കണക്ക് കൃത്യമായി ലഭിക്കാനാണ് രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത് എന്നും പറയപ്പെടുന്നു. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുന്നത്.
ALSO READ – കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം
70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകാനുള്ള വഴിയും ഇതിലൂടെ തുറക്കും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്യും. ഇതിലൂടെ ആനുകൂല്യം ലഭ്യമാകുന്നതാണ്.
നിങ്ങൾ ഇതിന് അർഹരാണോ?
ആയുഷ്മാൻ ഭാരത് പദ്ധതി അനുസരിച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള അർഹത ഉണ്ടോ എന്നറിയാൻ ആദ്യം ചെയ്യേണ്ടത് https://pmjay.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുകയാണ്. അവിടെയുള്ള ”Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
അവിടെ മൊബൈൽ നമ്പറും കോഡും നൽകുക. പിന്നാലെ എത്തുന്ന. ഒ.ടി.പി. ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുക. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ‘സബ്മിറ്റ്’ ചെയ്യാം. ഇങ്ങനെ നിങ്ങളുടെ യോഗ്യത മനസ്സിലാക്കാവുന്നതാണ്.