Ayushman Bharat: സൗജന്യ ചികിത്സ വേണോ? മാതാപിതാക്കളെ ആയുഷ്മാൻ പദ്ധതിയിൽ ചേർക്കാം… എളുപ്പ വഴി ഇങ്ങനെ…
Ayushman Bharat scheme with free health insurance: രാജ്യത്തുടനീളമുള്ള ഏകദേശം 30,000 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ചികിത്സയ്ക്കായി എത്തുമ്പോൾ രോഗിയുടെ ആയുഷ്മാൻ കാർഡോ PM JAY ഐഡിയോ ഹാജരാക്കിയാൽ മതി.
ന്യൂഡൽഹി: പ്രായമായവർക്ക് ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷ. നിങ്ങളുടെ മാതാപിതാക്കൾക്ക്ക്കോ 70 വയസ്സു കഴിഞ്ഞ മറ്റ് കുടുംബാംഗങ്ങൾക്കോ ഇത് ലഭ്യമാക്കാൻ എളുപ്പമാണ്. ഇതിനായി ആയുഷ്മാൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. കൂടാതെ beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയും രജിസ്ട്രേഷൻ നടത്താനാകും. രജിസ്റ്റർ ചെയ്യാനായി ആപ്പിലും വെബ്സൈറ്റിലും പ്രത്യേക മൊഡ്യൂൾ തയാറാക്കിയിട്ടുണ്ട്.
വർഷം മുഴുവൻ രജിസ്ട്രേഷനു സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനു വേണ്ടി ആധാർ മാത്രം മതിയാകും. ഈ ഒരു രേഖ മാത്രമേ ഇതിനായി ചോദിക്കുന്നുള്ളൂ. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്റ്റർ ചെയ്യുന്നതും വ്യക്തിയുടെ വയസ്സു നിർണയിക്കുന്നതും. ഒരു കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് 5 ലക്ഷം രൂപ വരെയാണു സൗജന്യ ചികിത്സയ്ക്ക് അർഹത ഉള്ളത്.
പദ്ധതിയിലൂടെ ചികിത്സ എങ്ങനെ?
അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഇതിലൂടെ ഒരാൾക്ക് ലഭിക്കുക എന്ന പ്രത്യേകതയും ഉണ്ട്. പദ്ധതിയിൽ ഉൾപ്പെടുന്ന മിക്കവാറും എല്ലാ ചികിത്സകൾക്കും 2 ലക്ഷം രൂപയിൽ താഴെയാണ് ചെലവ് എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏതൊക്കെ ആശുപത്രികളിൽ എത്തിയാൽ ചികിത്സ ലഭിക്കുമെന്നും അറിയാൻ എളുപ്പമാണ്. എംപാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റ് www.dashboard.pmjay.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 30 വരെ, രാജ്യത്തുടനീളമുള്ള ഏകദേശം 30,000 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ചികിത്സയ്ക്കായി എത്തുമ്പോൾ രോഗിയുടെ ആയുഷ്മാൻ കാർഡോ PM JAY ഐഡിയോ ഹാജരാക്കിയാൽ മതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇതിന്റെ ഫലം ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കണം. ഇരട്ടിപ്പു ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാൻ പരിരക്ഷയോ തെരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും.
അർഹത ഉണ്ടോ എന്നറിയാൻ…
- https://pmjay.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.
- ”Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
- മൊബൈൽ നമ്പറും കോഡും നൽകിയ ശേഷം എത്തുന്ന. ഒ.ടി.പി. ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുക.
- ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ‘സബ്മിറ്റ്’ ചെയ്യാം.
- യോഗ്യരാണോ എന്ന് അപ്പോൾ വ്യക്തമാകും
എങ്ങനെ അപേക്ഷിക്കാം
- ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദർശിക്കുക.
- ABHA- രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക
- ശേഷം ആധാർ സ്ഥിരീകരിക്കാൻ ഒടിപി നൽകുക
- പേര്, വരുമാനം, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ നൽകുക
- അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക
- അപേക്ഷ അംഗീകരിച്ച ശേഷം ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യുക
- ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തുവെക്കാം