Atul Subhash’s Mother: ‘പേരക്കുട്ടിയെ വിട്ടുനല്‍കണം’; ആവശ്യവുമായി അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ
Atul Subhash's Mother Moves To Supreme Court: കുട്ടി ഇപ്പോൾ ഫരീദാബാദിലെ ബോർഡിങ് സ്‌കൂളിൽ പഠിക്കുകയാണെന്നാണ് കുട്ടിയുടെ അമ്മ പോലീസിനു മൊഴി നൽകിയത്. അമ്മാവൻ സുശീൽ സിംഘാനിയയാണ് കുട്ടിയെ നോക്കുന്നതെന്നുമാണ് നികിത പോലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം സുശീൽ നിഷേധിച്ചു.
ന്യൂഡൽഹി: ബെംഗളൂരുവിൽ ജീവനൊടുക്കിയ ഐ ടി ജീവനക്കാരനായ അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ. പേരക്കുട്ടിയ തനിക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായാണ് അതുലിന്റെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. അതുലിന്റെ ഭാര്യ നികിതയ്ക്കൊപ്പമാണ് കുട്ടിയുള്ളതെന്നും എന്നാൽ കുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും അതുലിന്റെ അമ്മ അഞ്ജു മോദി സുപ്രീം കോടതിയെ അറിയിച്ചു. കുട്ടിയെ കുറിച്ച് ഒരു വിവരവും ഇവർ പുറത്തുവിട്ടിട്ടില്ലെന്നും അഞ്ചു പറയുന്നു. ഹേബിയസ് കോർപ്പസ് ഹർജിയാണ് അഞ്ജു സമർപ്പിച്ചത്.
എന്നാൽ കുട്ടി ഇപ്പോൾ ഫരീദാബാദിലെ ബോർഡിങ് സ്‌കൂളിൽ പഠിക്കുകയാണെന്നാണ് കുട്ടിയുടെ അമ്മ പോലീസിനു മൊഴി നൽകിയത്. അമ്മാവൻ സുശീൽ സിംഘാനിയയാണ് കുട്ടിയെ നോക്കുന്നതെന്നുമാണ് നികിത പോലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം സുശീൽ നിഷേധിച്ചു. കുട്ടിയെ കുറിച്ച് ഒരറിവുമില്ല എന്നാണ് ഇയാൾ പറയുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാഹചര്യത്തെ കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് കർണാടക, ഹരിയാണ, ഉത്തർ പ്രദേശ് സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു. ജനുവരി ഏഴിനാണ് അടുത്ത ഹിയറിങ്. ഇതിനു മുൻപ് പേരകുട്ടി എവിടെയെന്ന് കണ്ടെത്തി തങ്ങൾക്ക് കൈമാറണമെന്ന് അതുലിന്റെ കുടുംബം അഭ്യർഥന നടത്തിയിരുന്നു. കുട്ടി ജീവനോടെയുണ്ടോ ഇല്ലയോ എന്നു തങ്ങൾക്ക് അറിയില്ലെന്ന് അതുലിന്റെ അച്ഛൻ പവാർ കുമാർ പറഞ്ഞിരുന്നു.കുട്ടിയെ സുരക്ഷിതനായി വീട്ടിലെത്താൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നീതിഷ് കുമാർ എന്നിവരോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു.
ഡിസംബർ ഒൻപതിനായിരുന്നു ഐ ടി ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്നായിരുന്നു അതുൽ ആത്മഹത്യ ചെയ്ത. 24 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങൾ വിവരിച്ച് മരിക്കുന്നതിനു മുൻപ് 80 മിനിറ്റ് വിഡിയോയും അതുൽ പുറത്തുവിട്ടിരുന്നു. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡ് ഇയാളുടെ മുറിയിൽനിന്നു കണ്ടെത്തി. ഭാര്യ, കുടുംബാംഗങ്ങൾ, ഒരു ജഡ്ജി എന്നിവർക്കെതിരെയാണ് വിഡിയോയിൽ അതുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ഇയാൾ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യ റജിസ്റ്റർ ചെയ്ത കേസിൽ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും വിഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.
അതുലിന്റെ ആത്മഹത്യയെ തുടർന്ന് ഡിസംബർ 16ന് ഭാര്യ നിഖിതയെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുഗ്രാമിൽ വെച്ചാണ് നികിതയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയോടൊപ്പം അവരുടെ സഹോദരൻ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ പിടിയിലാകുമെന്ന് മനസ്സിലാക്കിയ നികിതയും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പിടിയിലായ നികിത താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും തന്നെയാണ് അതുൽ പീഡിപ്പിച്ചതെന്നും മൊഴി നൽകിയിരുന്നു.