Atul Subhash Death Case: അവളും അമ്മയും മകനെ കണ്ടത് എടിഎമ്മായി; ചെലവിനായി വേണ്ടത് മാസം 2 ലക്ഷം രൂപ: അതുലിന്റെ കുടുംബം
Atul Subhash's Father Against Singhania and Her Family: മകനും ഭാര്യയും തമ്മില്‍ പരിഹരിക്കപ്പെടാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളാണ് അതുലിനെ മരണത്തിലേക്ക് നയിച്ചത്. വിവാഹം മോചനം നല്‍കുന്നതിന് പകരമായി നികിത ആവശ്യപ്പെട്ടിരുന്നത് 20 ലക്ഷം രൂപയായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നികിത നല്‍കിയിരുന്നു.
ബെംഗളൂരു: സ്ത്രീധനപീഡന ആരോപണത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഐ ടി ജിവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിതാവ്. ഭാര്യയെയും അവരുടെ ബന്ധുക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി അതുലിന്റെ പിതാവ് രംഗത്തെത്തിയത്. ഭാര്യ നികിത സിംഘാനിയയും അവരുടെ അമ്മയും അതുലിനെ ഒരു എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് അതുലിന്റെ പിതാവ് പവന്‍ മോദി പറഞ്ഞത്.
മകനും ഭാര്യയും തമ്മില്‍ പരിഹരിക്കപ്പെടാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളാണ് അതുലിനെ മരണത്തിലേക്ക് നയിച്ചത്. വിവാഹം മോചനം നല്‍കുന്നതിന് പകരമായി നികിത ആവശ്യപ്പെട്ടിരുന്നത് 20 ലക്ഷം രൂപയായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നികിത നല്‍കിയിരുന്നു. അത് തന്റെ കൈവശമുണ്ടെന്നും പിതാവ് വെളിപ്പെടുത്തി.
ഇരുവരും ആദ്യം ഒത്തുതീര്‍പ്പിന് സമ്മതിച്ചിരുന്നുവെങ്കിലും നികിതയുടെ ലക്ഷ്യങ്ങളില്‍ അതുലിന് സംശയമുണ്ടായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കിയാലും നികിത വിവാഹമോചനം നല്‍കില്ലെന്ന് അതുല്‍ വിശ്വസിച്ചിരുന്നു. അതിനാലാണ് നിയമപരമായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചതെന്ന് പവന്‍ പറഞ്ഞു.
അതുലിനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ നികിതയുടെ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തങ്ങളുടെ പേരക്കുട്ടിയുടെ പിറന്നാള്‍ ദിവസം പോലും അവനെ കാണാന്‍ അനുവദിച്ചില്ല. അതുല്‍ നല്‍കിയ സമ്മാനങ്ങള്‍ നിരസിച്ചത് അവനെ ആകെ തകര്‍ത്തുവെന്നും പിതാവ് പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ നികിതയെയും അവരുടെ കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. നികിതയുടെ സഹോദരന്‍ അനുരാഗ് സിംഘാനിയ അമ്മ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അതുല്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിടിയിലാകുമെന്ന് ഉറപ്പാക്കിയ നികിതയും കുടുംബവും ഒളവില്‍ പോവുകയായിരുന്നു. സ്വയം രക്ഷയ്ക്കായി ഇവര്‍ ഓരോ തവണയും ലൊക്കേഷന്‍ മാറ്റാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
ഫോണ്‍ വിളിക്കുന്നതിനായി വാട്‌സ്ആപ്പാണ് നികിതയും കുടുംബവും ഉപയോഗിച്ചിരുന്നത്. ഒൡവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിനും നികിത ശ്രമിച്ചിരുന്നു. എന്നാല്‍ നികിതയുടെ ഭാഗത്ത് നിന്ന് സംഭവിച്ച അബദ്ധമാണ് ഇവര്‍ പിടിയിലാകുന്നതിന് വഴിവെച്ചത്.
നികിത ഇടയ്ക്കിടെ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നു. ഇത് ട്രാക്ക് ചെയ്താണ് പോലീസ് ഇവരിലേക്ക് എത്തുന്നത്. നികിത താമസിച്ചിരുന്നത് ഗുരുഗ്രാമില്‍ പേയിങ് ഗസ്റ്റായിട്ടും അമ്മയും സഹോദരനും ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ജുസി ടൗണിലുമാണ് ഉണ്ടായിരുന്നത്. ഇവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതുകൊണ്ട് തന്നെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇതിനിടയില്‍ നികിത അബദ്ധത്തില്‍ ഒരു ബന്ധുവിനെ ഫോണ്‍ വിളിച്ചു. കുടുംബം ഒളിവില്‍ പോയതിനെ തുടര്‍ന്ന് പോലീസ് ഇവരുടെ ബന്ധുക്കളെയെല്ലാം നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ ബന്ധുവിലേക്കെത്തിയ കോള്‍ ട്രാക്ക് ചെയ്തായിരുന്നു പിന്നീട് പോലീസിന്റെ അന്വേഷണം.
അങ്ങനെ ഗുരുഗ്രാമിനെ റെയില്‍ വിഹാറിലെ പി ജി താമസസ്ഥലത്തുള്ള നികിതയുടെ അടുത്തെത്തിയ പോലീസ് അവരോട് അമ്മയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം അമ്മയെയും സഹോദരനെയും ജുസി ടൗണില്‍ പോയി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂവരെയും അറസ്റ്റ് ചെയ്തതിന് ശേഷം വിമാനമാര്‍ഗമാണ് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെ ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ അതുലിനെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് നികിതയുടെ വാദം. അതുലാണ് തന്നെ പീഡിപ്പിച്ചതെന്നും നികിത പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭാര്യയും ഭാര്യ വീട്ടുകാരും വ്യാജ സ്ത്രീധന പീഡിനാരോപണം നടത്തി തന്നില്‍ നിന്ന് പണം തട്ടിയെടുക്കുകയാണെന്നാണ് അതുല്‍ തന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്.