Delhi Opposition Leader: പ്രതിപക്ഷത്തെ നയിക്കാൻ അതിഷി മർലേന; ഡൽഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവും
Delhi Assembly Opposition Leader Atishi Marlena: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെജ്‌രിവാളിന്റെ വസതിയിൽ നടന്ന ആം ആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡൽഹി മുഖ്യമന്ത്രിയായി 43കാരിയായ അതിഷി മാറി.

ന്യൂഡൽഹി: ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി ആം ആത്മി നേതാവും (Aam Aadmi Party leader) മുൻ മുഖ്യമന്ത്രിയുമായിരുന്ന അതിഷി മർലേനയെ (Atishi Marlena) തിരഞ്ഞെടുത്തു. ഇന്ന് (ഞായർ) ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും അതിഷി ഉൾപ്പെടെയുള്ള പാർട്ടിയിലെ 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും അതിഷിയുടെ നിയമനത്തിലുണ്ട്.
ആം ആദ്മി പാർട്ടി നിയമസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി അതിഷിയെ നിയമിച്ചതായി മുതിർന്ന എഎപി നേതാവ് ഗോപാൽ റായ് അറിയിച്ചത്. പിന്നാലെ അഭിനന്ദനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തത്തിന് കെജ്‌രിവാളിനും പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും അതിഷി നന്ദി അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെജ്‌രിവാളിന്റെ വസതിയിൽ നടന്ന ആം ആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡൽഹി മുഖ്യമന്ത്രിയായി 43കാരിയായ അതിഷി മാറി.
അതേസമയം ഫെബ്രുവരി 24 തിങ്കളാഴ്ചയാണ് ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നടക്കുക. ഭരണകക്ഷിയായ ബിജെപി മുൻ എഎപി സർക്കാരിനെതിരായുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അതിനാൽ തന്നെ ആദ്യ സമ്മേളനം വാദപ്രതിവാദങ്ങൾ നിറഞ്ഞതാകാനാണ് സാധ്യത.
നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനം ബിജെപി പിടിച്ചെടുക്കുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം രേഖാ ഗുപ്ത അധികാരമേറ്റിരുന്നു. മുഖ്യമന്ത്രി രേഖാ ഗുപ്തയ്‌ക്കൊപ്പം മറ്റ് ആറ് പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പർവേഷ് വർമ, ആശിഷ് സൂദ്, കപിൽ മിശ്ര, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദർ കുമാർ ഇന്ദ്രജ്, പങ്കജ് കുമാർ സിംഗ് എന്നിവരാണ് മറ്റുള്ളവർ.