Ashwini Vaishnaw: ‘വനിതകൾക്കും മുതിർന്നവർക്കും ലോവർ ബെർത്ത് അനുവദിക്കാറുണ്ട്’; ലോക്സഭയിൽ മന്ത്രി അശ്വിനി വൈഷ്ണവ്
Ashwini Vaishnaw About Lower Berths Allocation: ട്രെയിനുകളിൽ വനിതകൾക്കും മുതിർന്നവർക്കും ലോവർ ബെർത്ത് അനുവദിക്കാറുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. ലഭ്യതയ്ക്കനുസരിച്ച് വിവിധ കോച്ചുകളിൽ നിശ്ചിത എണ്ണം ലോവർ ബെർത്തുകളാണ് പ്രത്യേകമായി സംവരണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനിതകൾക്കും മുതിർന്നവർക്കും ട്രെയിനുകളിൽ ലോവർ ബെർത്ത് അനുവദിക്കാറുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വനിതകൾക്കും മുതിർന്നവർക്കും അംഗപരിമിതർക്കും ലോവർ ബെർത്ത് നൽകുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾ അദ്ദേഹം വാർത്താ കുറിപ്പിലൂടെ വിശദീകരിക്കുകയും ചെയ്തു.
ലഭ്യതയ്ക്കനുസരിച്ച് മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കും സ്വമേധയാ തന്നെ ലോവർ ബെർത്ത് നൽകും എന്ന് വാർത്താ കുറിപ്പിൽ മന്ത്രി പറഞ്ഞു. സീറ്റ് റിസർവേഷനിൽ പ്രത്യേകം ബെർത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ഇത് ശ്രദ്ധിക്കാറുണ്ട്. വിവിധ കോച്ചുകളിൽ നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ മുതിർന്ന പൗരന്മാർക്കുള്ളതാണ്. സ്ലീപ്പർ ക്ലാസിൽ ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളാണ് മുതിർന്ന പൗരന്മാർക്ക് അനുവദിക്കുക. ത്രീ ടയർ എസി കോച്ചിൽ നാല്, അഞ്ച് ലോവർ ബെർത്തുകളും 2 ടയർ എസി കോച്ചിൽ മൂന്ന്, നാല് ലോവർ ബെർത്തുകളും മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിരിക്കുന്നു. ട്രെയിനിലെ ആകെ കോച്ചുകൾ പരിഗണിച്ചാവും ഇത് അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു.
അംഗപരിമിതർക്കുള്ള ലോവർ ബർത്ത് സംവരണം എല്ലാ ട്രെയിനുകളിലും അനുവദിക്കും. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകൾ ഉൾപ്പെടെ മെയിൽ ആയാലും എക്സ്പ്രസ് ആയാലും എല്ലാ ട്രെയിനിലും അംഗപരിമിതർക്ക് ലോവർ ബെർത്ത് സംവരണം അനുവദിക്കും. യാത്രക്കിടെ ഒഴിയുന്ന ലോവർ ബെർത്തുക്കൾ മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും ഗർഭിണികൾക്കുമായി അനുവദിക്കും. നേരത്തെ മിഡിൽ, അപ്പർ ബെർത്തുകൾ അനുവദിച്ചിരുന്നവർക്കാണ് ഇത് നൽകുക.
യാത്രികർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ റെയിൽവേ പ്രതിജ്ഞാബദ്ധരാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത്തരം സംവരണത്തിലൂടെ എല്ലാത്തരം ആളുകൾക്കും സുഗമമായ യാത്രാനുഭവം ഒരുക്കാനാണ് റെയിൽവേയുടെ ശ്രമം. അർഹതയുള്ള ആളുകൾ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി യാത്രാനുഭവം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. വർഷത്തിൽ ഏകദേശം 5000 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേ വഴി യാത്ര ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേ ട്രാക്കുകളുടെ ആകെ നീളം 63,940 കിലോമീറ്ററോളമാണ്.