Arvind Kejriwal: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
Arvind Kejriwal Resigns: ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തിയായിരുന്നു കേജ്‍രിവാൾ രാജിക്കത്ത് സമർപ്പിച്ചത്.
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‌രിവാള്‍. ലഫ്.ഗവർണർ വിനയ് കുമാർ സക്സേനയുടെ വസതിയിലെത്തിയായിരുന്നു കേജ്‍രിവാൾ രാജിക്കത്ത് സമർപ്പിച്ചത്. അരവിന്ദ് കെജ്‍രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും ഉണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനു ജാമ്യം ലഭിച്ചത്. ഇതിനു തൊട്ടു പിന്നാലെ തിഹാർ ജയിലിൽ നിന്ന് മോചിതനായിരുന്നു. അഞ്ചര മാസത്തിനുശേഷമാണ് കേജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കിയിരുന്നു. എന്നാൽ ഇവിടെ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ച ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം ഇറക്കിയിരുന്നു. എഎപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യവെയാണ് അരവിന്ദ് കെജ്‌രിവാൾ രാജി തീരുമാനം പ്രഖ്യാപിച്ചത്.
#WATCH | Delhi CM Arvind Kejriwal leaves from LG secretariat pic.twitter.com/o5fQQfbf5n
— ANI (@ANI) September 17, 2024
“രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പോകുന്നു. ജനങ്ങൾ വിധി പറയും വരെ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. എല്ലാ വീടുകളിലും തെരുവിലും പോകും. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക,” അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യം രണ്ട് ദിവസത്തിനു ശേഷം കെജ്‍രിവാൾ രാജി സമർപ്പിച്ചു.
ഇതിനിടെയിൽ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കേജ്‍രിവാളിന്റെ നിർദേശത്തെ എഎപി എംഎൽഎമാർ പിന്തുണച്ചു.
ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി 2013ലാണു കേജ്‌രിവാൾ എത്തുന്നത്. പിന്നീട് 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു. ഇതിനിടെയിലാണ് കെജ്‍രിവാളിന്റെ അറസ്റ്റ്. സർക്കാരിന്റെ കാലാവധി തീരാൻ അഞ്ച് മാസം ബാക്കിനിൽക്കെയാണ് കെജ്‍രിവാളിന്റെ രാജി.