മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ; നിലപാട് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി
ജനങ്ങള്‍ വോട്ട് തനിക്കല്ല തന്നത് കെജ്‌രിവാളിനാണ് നല്‍കിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് താനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ പത്‌നി സുനിത കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ മതിയെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് മദ്യനയക്കേസില്‍ ജയില്‍ മോചിതനായ സഞ്ജയ് സിങ് പറഞ്ഞു.
മദ്യനയക്കേസിലെ പല രേഖകളും ഇഡി മറച്ചുവെച്ചാണ് നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. ഡല്‍ഹിയിലെ ഭരണം സ്തംഭിക്കരുതെന്നാണ് നിര്‍ദേശം. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവയിലെ മാതൃകാപ്രവര്‍ത്തനം തുടരണം എന്നാണ് സന്ദേശം. കെജ്‌രിവാള്‍ ജയിലിലാണെങ്കിലും മന്ത്രിമാരും എംഎല്‍എമാരും ജനങ്ങള്‍ക്കിടയിലേക്കിറങ്ങണം. കെജ്‌രിവാളിന് ജയിലില്‍ നിന്നുകൊണ്ട് ഭരണം തുടരാം. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണ്, കുറ്റവാളിയല്ല. കെജ്‌രിവാള്‍ രാജിവെക്കണമെന്ന് ഭരണഘടനയില്‍ ഒരു വ്യവസ്ഥയുമില്ല. ഹൈക്കോടതി മൂന്ന് അപേക്ഷകള്‍ തള്ളി. രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്തത് അരവിന്ദ് കെജ്‌രിവാളിനാണ്. അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്തത്. ജനങ്ങള്‍ വോട്ട് തനിക്കല്ല തന്നത് കെജ്‌രിവാളിനാണ് നല്‍കിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് താനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ശില്‍പി ബി ആര്‍ അംബേദ്കറിന്റെ ജന്മദിനമായ ഇന്ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.