തിഹാര്‍ ജയിലില്‍ നിന്ന് കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കിയെന്ന് എഎപി
എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന് നല്‍കുന്നത്.
ന്യൂഡല്‍ഹി: പ്രമേഹം കൂടിയതിനേത്തുടർന്ന് അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി അധികൃതർ അറിയിച്ചു. എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന് നല്‍കുന്നത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ശുഭവാര്‍ത്തയെന്നും മന്ത്രി അതിഷി മര്‍ലേന പ്രതികരിച്ചു. പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഉരുളക്കിഴങ്ങ്, അര്‍ബി മാമ്പഴം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍ വീട്ടില്‍ നിന്നെത്തിച്ച ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തിയതിനേത്തുടർന്ന് വിവാദങ്ങൾ ചൂടുപിടിച്ചിരുന്നു. കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. മെഡിക്കല്‍ കുറിപ്പടിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്തുകൊണ്ടാണ് കെജ്രിവാളിന് നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നില്ലെന്നും സ്‌പെഷ്യല്‍ കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. എയിംസ് മെഡിക്കല്‍ ബോര്‍ഡിലെ ഡയബറ്റോളജിസ്റ്റുകള്‍ നിര്‍ദ്ദേശിച്ച ഡയറ്റ് പ്ലാന്‍ കര്‍ശനമായി പാലിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രിക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത് തുടരണമെന്നും തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുടുംബ ഡോക്ടറുമായി വീഡിയോ കോളിലൂടെ ദിവസവും കൂടിയാലോചന നടത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
പ്രമേയം അനിയന്ത്രിതമായി ഉയർന്നപ്പോൾ കെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഇതിനിടെ ഭാര്യ സുനിത കെജരിവാളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളെ സേവിക്കാൻ ജോലി ഉപേക്ഷിച്ച ആളാണ് അരവിന്ദ് കെജ്‌രിവാൾ. പാവപ്പെട്ടവർക്ക് വേണ്ടി ഡൽഹിയിൽ സ്കൂളുകൾ, മൊഹല്ല ക്ലിനിക്കുകൾ അടക്കം നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തു. എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളെ കേന്ദ്രം ജയിലിലാക്കി. ഭക്ഷണ സമയത്ത് പോലും കെജ്‌രിവാൾ ക്യാമറ നിരീക്ഷണത്തിലാണ്. പ്രമേഹത്തിന് ഇൻസുലിൻ പോലും നൽകുന്നില്ല. ഡോക്ടറെ കാണാനും അനുമതിയില്ല. ഇതുവഴി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനിത കെജ്‌രിവാൾ റാഞ്ചിയിലെ ഇന്‍ഡ്യ റാലിയില്‍ ആരോപിച്ചു.