Arundhati Roy: മോദിയുടെ 3.0 യുടെ തുടക്കം ഇവിടെ നിന്നോ? അരുന്ധതി റോയ്‌ക്കെതിരെയുള്ള യുഎപിഎയ്ക്ക് കാരണമെന്ത്?
Arundhati Roy UAPA: കശ്മീരിനെ കുറിച്ച് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് അരുന്ധതി റോയിയേയും കശ്മീര്‍ കേന്ദ്ര സര്‍വകലാശായിലെ പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. 2010ലാണ് ഇരുവര്‍ക്കുമെതിരെ ഈ നടപടിയുണ്ടാകാന്‍ കാരണമായ സംഭവമുണ്ടായത്.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അനുമതി നല്‍കിയിരിക്കുകയാണ്. കശ്മീരിനെ കുറിച്ച് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് അരുന്ധതി റോയിയേയും കശ്മീര്‍ കേന്ദ്ര സര്‍വകലാശായിലെ പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. 2010ലാണ് ഇരുവര്‍ക്കുമെതിരെ ഈ നടപടിയുണ്ടാകാന്‍ കാരണമായ സംഭവമുണ്ടായത്. എന്തുകൊണ്ടാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസ് വീണ്ടും ഉയര്‍ന്നത്?
സംഭവം 2010ല്‍
രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയായ കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച ആസാദി ദ ഓണ്‍ലി വേ എന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അരുന്ധതി റോയിക്കും ഷൗക്കത്ത് ഹുസൈുനമെതിരെ പരാതിയുയര്‍ന്നത്. 2010 ഒക്ടോബര്‍ 21ന് ഡല്‍ഹിയിലെ എല്‍ടിജി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സമ്മേളനം. തുഫൈല്‍ അഹമ്മദ് മട്ടൂ എന്ന പതിനേഴുകാരന്‍ കണ്ണീര്‍വാതക ആക്രമണത്തില്‍ കശ്മീരില്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അന്ന് നടത്തിയ പ്രസംഗത്തില്‍ കശ്മീര്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണമെന്ന് അരുന്ധതി റോയ് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി കശ്മീരിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റ് പരാതി നല്‍കി. ഈ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. അതേവര്‍ഷം നവംബറിലാണ് സംഭവത്തില്‍ ആദ്യമായി കേസെടുക്കുന്നത്. ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുര്‍ന്നായിരുന്നു ആ നടപടി. അരുന്ധതി റോയ്, ഷൗക്കത്ത് ഹുസൈനെയും കൂടാതെ പരിപാടിക്ക് നേതൃത്വം നല്‍കിയ എസ്എആര്‍ ഗീലാനി, സയ്ദ് അലി ഷാ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
പതിനേഴുകാരന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ അന്ന് കശ്മീരില്‍ മരിച്ചവരുടെ എണ്ണം 120 ആണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ പൊതു സമാധാനവും സുരക്ഷയും അപകടത്തിലാക്കി എന്നായിരുന്നു പരാതി ഉയര്‍ന്നത്.
എന്തുകൊണ്ട് ഇപ്പോള്‍ യുഎപിഎ
കേസുമായി ബന്ധപ്പെട്ട് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2010 നവംബര്‍ 27നാണ്. അതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇതേ കേസില്‍ അരുന്ധതി റോയിയെയും ഷൗക്കത്ത് ഹുസൈനെയും ഐപിസിയിലെ 153 എ, 153 ബി, 505 എന്നീ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കി. ഈ വകുപ്പുകളെല്ലാം മൂന്നുവര്‍ഷം വരെ മാത്രം തടവുശിക്ഷ ലഭിക്കുന്നവയാണ്. എന്നാല്‍ സിആര്‍പിസി 468 വകുപ്പ് പ്രകാരം നിശ്ചിത കാലയളവ് അവസാനിച്ചതിന് ശേഷമോ അല്ലെങ്കില്‍ അനാവശ്യ കാലതാമസത്തിന് ശേഷമോ ആണ് കേസില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതെങ്കില്‍ അത് പരിഗണിക്കാന്‍ കോടതികള്‍ക്ക് കഴിയില്ല.
2010ല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐപിസി സെക്ഷന്‍ 124 ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2022ല്‍ ഈ വകുപ്പ് പുനപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവില്‍ വന്നതോടെ ഈ കേസ് കോടതികള്‍ക്ക് പരിഗണിക്കാന്‍ യുഎപിഎ പോലൊരു വകുപ്പ് ആവശ്യമായി വന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നിലവില്‍ യുഎപിഎ ചുമത്താന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. യുഎപിഎ ചുമത്തുന്നതോടെ കേസ് കോടതികള്‍ക്ക് ഏറ്റെടുക്കേണ്ടി വരും.
നിയമവിരുദ്ധ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.