Maha Kumbh Mela 2025: ലോറീന്‍ പവല്‍ അല്ല ഇനി ‘കമല’; മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തി സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ
Apple Co Founder Steve Jobs' Wife at Maha Kumbh Mela: ലളിതമായ ജീവിതശൈലി പിന്തടരുക, തറയില്‍ കിടക്കുക, തുളസി തൈ നട്ടുപിടിപ്പിക്കുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ അല്ലെങ്കില്‍ മറ്റ് തീര്‍ത്ഥാടകര്‍ തയാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങള്‍ ഒഴിവാക്കുക, മധുരങ്ങളും ഫലവര്‍ഗങ്ങളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ പത്ത് ദിവസത്തില്‍ ചെയ്യുക.
ലഖ്‌നൗ: മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തി ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ്. ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ലോറീന്‍ പ്രയാഗ്‌രാജിലെ ക്യാമ്പിലെത്തിയത്. മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി അവര്‍ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
വിശ്വാനഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം പവല്‍ നിരഞ്ജനി അഖാരയുടെ നിര്‍ദേശപ്രകാരം ‘കമല’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ടാണ് ലോറീന്‍ പവല്‍ എത്തിയത്. എന്നാല്‍ അഹിന്ദുവായതിനാല്‍ ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ല. അതിനാലാണ് ശിവലിംഗം പുറത്തുനിന്ന് കണ്ടതെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.
മൂന്നാഴ്ചയായിരിക്കും ലോറീന്‍ പവല്‍ ഉത്തര്‍പ്രദേശിലുണ്ടായിരിക്കുക. കല്‍പവസ് അനുശാസിക്കുന്നത് പ്രകാരം പത്ത് ദിവസത്തെ ദിനചര്യകള്‍ പിന്തുടരുകയും ഈ പത്ത് ദിവസം ഗംഗയില്‍ സ്‌നാനം ചെയ്യുകയും ചെയ്യും.
ലളിതമായ ജീവിതശൈലി പിന്തടരുക, തറയില്‍ കിടക്കുക, തുളസി തൈ നട്ടുപിടിപ്പിക്കുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ അല്ലെങ്കില്‍ മറ്റ് തീര്‍ത്ഥാടകര്‍ തയാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങള്‍ ഒഴിവാക്കുക, മധുരങ്ങളും ഫലവര്‍ഗങ്ങളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ പത്ത് ദിവസത്തില്‍ ചെയ്യുക.
Also Read: Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?
അതേസമയം, ഹൈന്ദവ വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ മഹാ കുംഭമേള പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നടക്കുക. പാപങ്ങള്‍ക്ക് പ്രായശ്ചിത്തം, മോക്ഷം തേടുക തുടങ്ങി നിരവധി വിശ്വാസങ്ങളാണ് ഇതിന് പിന്നിലുള്ളത്.
ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26നാണ് മഹാ കുംഭമേള അവസാനിക്കുന്നത്. പ്രയാഗ്‌രാജിലാണ് മഹാ കുംഭമേളയുടെ അവസാനം. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഷാഹി സ്‌നാന്‍ എന്ന ചടങ്ങോടെയാണ് മഹാ കുംഭമേള ആരംഭിച്ചത്. ഈ ചടങ്ങില്‍ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നിരവധി ഭക്തരമാണ് എത്തിച്ചേര്‍ന്നത്.
ഏകദേശം 35 കോടിയിലധികം ആളുകള്‍ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശനിയാഴ്ച മുതല്‍ തന്നെ 85 ലക്ഷത്തോളം ആളുകളെങ്കിലും സംഗമ സ്ഥാനത്ത് സ്‌നാനത്തിനായി എത്തിയിരുന്നു. അന്നേ ദിവസം 35 ലക്ഷം പേരാണ് സ്‌നാനം ചെയ്തത്. 50 ലക്ഷം പേര്‍ ഞായറാഴ്ചയും സ്‌നാനം ചെയ്തു. വിപുലമായ സുരക്ഷാ നടപടികളാണ് മഹാ കുംഭമേളയുടെ ഭാഗമായി യുപി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.