Mpox RT-PCR kit: ഇനി കുരങ്ങുപനി കണ്ടെത്താൻ എളുപ്പം; പരിശോധനാ കിറ്റ് വികസിപ്പിച്ച് ആന്ധ്രയിലെ ഗവേഷക സംഘം
India's first Mpox RT-PCR kit : രാജ്യം എം പോക്സിനെതിരേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടെസ്റ്റിംഗ് സൊല്യൂഷനാണ് ഇത്. മെഡ്‌ടെക് എന്നാണ് അധികൃതർ ഇതിനു പേര് നൽകിയിട്ടുള്ളത്.
ന്യൂഡൽഹി: കുരങ്ങുപനി ലോകമെമ്പാടും ഗുരുതരമായ ഭീഷണിയായി തുടരുമ്പോൾ പരിശോധനയ്ക്കുള്ള ആർ ടി പി സി ആർ കിറ്റ് തയ്യാറാക്കി രാജ്യത്തെ ഗവേഷകർ ശ്രദ്ധ പിടിച്ചുപറ്റുന്നു. ആന്ധ്രാപ്രദേശ് ഗവൺമെൻ്റിൻ്റെ ഗവേഷണ സ്ഥാപനമായ ആന്ധ്രാപ്രദേശ് മെഡ്‌ടെക് സോൺ, ട്രാൻസാസിയ ഡയഗ്‌നോസ്റ്റിക്‌സുമായി സഹകരിച്ചാണ് കിറ്റ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആർടി-പിസിആർ കിറ്റ് ആണ് ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, എം പോക്സ് വൈറസ് ആഗോളതലത്തിൽ പൊതുജനാരോഗ്യ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അതിർത്തി രാജ്യങ്ങളിൽ ജാഗ്രത ശക്തമാക്കിയതിനു പിന്നാലെയാണ് കിറ്റ് കണ്ടെത്തിയ വാർത്തയും എത്തുന്നത്.
ALSO READ – പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ…
രാജ്യം എം പോക്സിനെതിരേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടെസ്റ്റിംഗ് സൊല്യൂഷനാണ് ഇത്. മെഡ്‌ടെക് എന്നാണ് അധികൃതർ ഇതിനു പേര് നൽകിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൻ്റെ (ICRM) അംഗീകാരം ഈ കിറ്റ് നേടിയതായും വ്യക്തമാക്കി. കൂടാതെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ (CDSC0) അടിയന്തര അംഗീകാരവും ഇതിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. കിറ്റിൻ്റെ വില ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് നിശ്ചയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷെൽഫ് ലൈഫ് എത്ര ?
സാധാരണയായി, കിറ്റിന് 12 മാസത്തെ ഷെൽഫ് ലൈഫ് ഉണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയും. ഏത് പ്രതികൂല സാഹചര്യമുള്ള പ്രദേശത്തും ഈ കിറ്റ് ഉപയോഗിക്കാം എന്ന് ഇതിലൂടെ വ്യക്തമാണ്.
എം പോക്സ് ലക്ഷണങ്ങൾ
വൈറസ് ബാധിച്ച് 3 മുതൽ 17 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കാം. മിക്ക അണുബാധകളും രണ്ടോ നാലോ ആഴ്ച വരെ നീണ്ടുനിൽക്കും. മുഖത്തും വായയിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ചുണങ്ങു പോലുള്ള മുഖക്കുരു അല്ലെങ്കിൽ കുമിളകൾ, പനി, തലവേദന, പേശി വേദന, നടുവേദന, വീർത്ത ലിംഫ് നോഡുകൾ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ