Amit Shah: ‘കശ്‌മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നു, ഇത് പ്രധാനമന്ത്രിയുടെ വിജയം’; അമിത് ഷാ
നരേന്ദ്ര മോദി സർക്കാരിന്റെ ഏകീകൃത നയങ്ങൾ കാഷ്‌മീരിൽ നിന്ന് വിഘടനവാദത്തെ തുടച്ചുനീക്കിയെന്നും ഇത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹുറിയത്ത് കോൺഫറൻസുമായി ബന്ധപ്പെട്ട രണ്ട് സംഘടനകൾ വിഘടനവാദവുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചതായി അമിത് ഷാ പറഞ്ഞു. ജമ്മു കശ്‌മീർ പീപ്പിൾസ് മൂവ്‌മെന്റ്, ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റ് എന്നിവയാണ് എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ ഏകീകൃത നയങ്ങൾ കശ്‌മീരിൽ നിന്ന് വിഘടനവാദത്തെ തുടച്ചുനീക്കിയെന്നും ഇത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ ഈ നടപടിക്ക് സാധിക്കുമെന്നും അത്തരം ഗ്രൂപ്പുകൾ മുന്നോട്ട് വന്ന് വിഘടനവാദം ഉപേക്ഷിക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് ലഭിച്ച വലിയ വിജയമാണിതെന്ന് ഷാ പറഞ്ഞു.
Separatism has become history in Kashmir.
The unifying policies of the Modi government have tossed separatism out of J&K. Two organizations associated with the Hurriyat have announced the severing of all ties with separatism.
I welcome this step towards strengthening Bharat’s…
— Amit Shah (@AmitShah) March 25, 2025
അതേസമയം ഈയിടെയ്ക്കാണ് മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റിയെ (എസിസി) അഞ്ച് വർഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് ഇത് നിരോധിച്ചത്. ഇതിനു പിന്നാലെയാണ് ചരിത്രപരമായ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.
ജമ്മു കാശ്മീരിലെ വിഘടനവാദ സംഘടനയായ ഹുറിയത്ത് കോൺഫറൻസിൽ ഉൾപ്പെടുന്ന ഭൂരിഭാഗം ഗ്രൂപ്പുകളെയും സർക്കാർ നിരോധിച്ചിട്ടുണ്ട്. കശ്‌മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞതിനു ശേഷം വലിയ രീതിയിൽ വിഘടനവാദ ഗ്രൂപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു വന്നിരുന്നു. അത് ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ.