Eight Factors For Deciding Alimony : ടെക്കി യുവാവിന്റെ മരണത്തോടൊപ്പം ചര്‍ച്ചയായി വിവാഹമോചനക്കേസുകളും; ജീവനാംശം തീരുമാനിക്കാന്‍ പരിഗണിക്കേണ്ട എട്ട് ഘടകങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതി
Supreme Court lays down Eight factors for deciding alimony : സ്ത്രീധന പീഡന കേസുകൾ തീരുമാനിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണമെന്നും നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയണമെന്നും സുപ്രീം കോടതി
വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയും, യുവതിയുടെ കുടുംബവും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അതുല്‍ സുഭാഷ് എന്ന യുവാവാണ് മരിച്ചത്. ഇതോടെ വിവാഹമോചനക്കേസുകള്‍, നടപടിക്രമങ്ങള്‍, ജീവനാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി.
ഇപ്പോഴിതാ, ജീവനാംശ തുക നിശ്ചയിക്കുന്നതിന് സുപ്രീം കോടതി എട്ട് ഘടകങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി വി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച ഒരു വിവാഹമോചന കേസ് തീര്‍പ്പാക്കവെയാണ് ജീവനാംശവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിധിയിൽ പറഞ്ഞിരിക്കുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഉത്തരവുകൾ പുറപ്പെടുവിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ കോടതികള്‍ക്കും ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
ഭാര്യാ ഭർത്താക്കന്മാരുടെ സാമൂഹി-സാമ്പത്തിക അവസ്ഥ പരിഗണിക്കണം, ഭാര്യയുടെയും കുട്ടികളുടെയും ഭാവിയിലെ അടിസ്ഥാന ആവശ്യങ്ങൾ കണക്കിലെടുക്കണം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും യോഗ്യതയും ജോലിയും പരിഗണിക്കണം, വരുമാനത്തിനും സ്വത്തിനുമുള്ള മാർഗങ്ങൾ കണക്കിലെടുക്കണം, സ്വന്തം വീട്ടില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ജീവിത നിലവാരം വിലയിരുത്തണം, കുടുംബം നോക്കാന്‍ ഭാര്യക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നോയെന്ന് നോക്കണം, ഭാര്യയ്ക്ക് ജോലിയില്ലെങ്കില്‍ നിയമപോരാട്ടത്തിന് ന്യായമായ തുക പരിഗണിക്കണം, ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതിയും വരുമാനവും ജീവനാംശത്തിനൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും മനസിലാക്കണം എന്നിങ്ങനെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.
സ്ത്രീധന പീഡന കേസുകൾ തീരുമാനിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണമെന്നും നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നത് തടയണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നതായി സുപ്രീം കോടതി വിമര്‍ശിച്ചു.
അതുല്‍ സുഭാഷിന് സംഭവിച്ചത്
ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ (34) ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ‘നീതി വേണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ഭാര്യ കള്ളക്കേസുകള്‍ നല്‍കിയിരുന്നുവെന്നും യുവാവ് മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും അതുലിന്റെ സഹോദരന്‍ പറഞ്ഞു. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അതുല്‍ വീഡിയോയും പങ്കുവച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാക്കുറിപ്പും അതുല്‍ എഴുതി. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. യുവാവിന് നീതി തേടി ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങായി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)