Amethi Lok Sabha Election Result 2024: അമേഠിയില്‍ നിന്ന് സ്മൃതി ഇറാനി പടിയിറങ്ങുമോ?
Amethi Lok Sabha Election Result 2024 Smriti Irani: ആദ്യം പുറത്തുവന്ന സൂചനകള്‍ പ്രകാരം സ്മൃതിയോട് ഒരിക്കല്‍ കൂടി ഏറ്റമുട്ടാന്‍ രാഹുല്‍ അമേഠിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ശര്‍മയ്ക്ക് ആ അവസരം നല്‍കി.
ലഖ്‌നൗ: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയുടെ എംപിയായ സ്മൃതി ഇറാനി പിന്നിലാണ്. കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശരമയാണ് ലീഡ് ചെയ്യുന്നത്. അമേഠിയില്‍ രണ്ടാമൂഴം ലക്ഷ്യമിട്ടാണ് സ്മൃതി ഇത്തവണ കളത്തിലിറങ്ങിയത്.
ആദ്യം പുറത്തുവന്ന സൂചനകള്‍ പ്രകാരം സ്മൃതിയോട് ഒരിക്കല്‍ കൂടി ഏറ്റമുട്ടാന്‍ രാഹുല്‍ അമേഠിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ശര്‍മയ്ക്ക് ആ അവസരം നല്‍കി. സഞ്ജയ് സിങും രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം അമേഠിയില്‍ നിന്ന് ജയിച്ചുവന്നിട്ടുണ്ട്. എന്നാല്‍ 2019ല്‍ കഥയാകെ മാറി. രാഹുല്‍ ഗാന്ധിക്ക് സ്മൃതി ഇറാനിയുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 55,120 വോട്ടുകളുടെ ഭൂരുപക്ഷത്തിലാണ് സ്മൃതി വിജയിച്ചത്. സ്മൃതി 4,68,514 വോട്ടുകള്‍ നേടിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 4,13,394 വോട്ടുകളാണ്. എന്നാല്‍ 2014ല്‍ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ അമേഠിയില്‍ നിന്ന് വിജയിച്ചിരുന്നത്. അന്ന് സ്മൃതിക്ക് ലഭിച്ചത് 3,00,748 വോട്ടുകളാണ് ലഭിച്ചത്.
1967ലാണ് അമേഠി മണ്ഡലം രൂപീകൃതമായത്. അന്നുമുതല്‍ രണ്ടുതവണ മാത്രമാണ് ബിജെപിക്ക് മണ്ഡലത്തില്‍ വിജയിക്കാനായത്. മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ മണ്ഡലം നിലനിര്‍ത്തിപോന്നത് കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇതില്‍ ഒരുതവണ മാത്രമാണ് ജനത പാര്‍ട്ടിയും വിജയിച്ചത്. 1980ലാണ് സഞ്ജയ് ഗാന്ധി ജനത പാര്‍ട്ടിയില്‍ നിന്ന് മണ്ഡലം തിരിച്ച് പിടിച്ചത്. പിന്നീട് അദ്ദേഹം എംപിയായിരിക്കുമ്പോള്‍ തന്നെ വിമാനാപകടത്തില്‍ മരണപ്പെട്ടു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി മണ്ഡലം നിലനിര്‍ത്തി.
1981ല്‍ മാത്രമല്ല രാജീവ് ഗാന്ധി അമേഠിയില്‍ നിന്ന് വിജയിച്ചത്. തുടര്‍ന്ന നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും രാജീവ് വിജയിച്ചിരുന്നു. 1991 ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സതീഷ് ശര്‍മയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1996ലും സതീഷ് തന്നെയാണ് വിജയിച്ചത്.
എന്നാല്‍ 1998ല്‍ സഞ്ജയ് സിങിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തു. 1999ല്‍ സോണിയ ഗാന്ധി അധികാരം വീണ്ടും കോണ്‍ഗ്രസില്‍ എത്തിച്ചു. 2004ല്‍ മത്സരത്തിനിറങ്ങിയ രാഹുലിന് 2014 വരെ വിജയിക്കാനായെങ്കിലും 2019ല്‍ അടിപതറി. അതേസമയം, റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി മുന്നേറുകയാണ്.