5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; സമന്‍സ് റദ്ദാക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി

Savarkar defamation case: അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. സവർക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാണ്ഡെ ആദ്യം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു

Rahul Gandhi: സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; സമന്‍സ് റദ്ദാക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി
രാഹുല്‍ ഗാന്ധി Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Apr 2025 09:12 AM

വി.ഡി. സവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സമന്‍സ് റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. 2022 ലെ ഭാരത് ജോഡോ യാത്ര റാലിയിൽ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ്‌ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിസമ്മതിച്ചത്‌. റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരമുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി രാഹുലിന്റെ ഹര്‍ജി പരിഗണിച്ചില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ ലഖ്‌നൗ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവിനെ ചോദ്യം ചെയ്താണ് രാഹുല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സവർക്കർ പെൻഷൻ വാങ്ങുന്ന ബ്രിട്ടീഷ് സേവകനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും, ഈ പരാമർശങ്ങൾ സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതാണെന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

Read Also : Waqf (Amendment) Bill 2025: വഖഫ് ബില്ലിൽ നിയമപോരാട്ടം; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സമന്‍സ് ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. സവർക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാണ്ഡെ ആദ്യം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു.

സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഈ പരാമർശങ്ങൾ നടത്തിയതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. 2023 ജൂണിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പാണ്ഡെയുടെ പരാതി തള്ളി. തുടര്‍ന്ന് അദ്ദേഹം സെഷന്‍സ് കോടതിയെ സമീപിച്ചു. തുടർന്ന് സെഷൻസ് കോടതി ഹർജി പരിഗണിക്കുകയും കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. തുടർന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ സമന്‍സ് അയച്ചത്.