Aligarh Jama Masjid: ജുമാ മസ്ജിദ് നിര്‍മിച്ചത് പുരാതന ക്ഷേത്രങ്ങളുടെ മുകളില്‍; വാദവുമായി വിവരാവകാശ പ്രവര്‍ത്തകന്‍
Aligarh Jama Masjid Case Updates: 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ച ജുമാമസ്ജിദിന്റെ ഉത്ഭവുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ വകുപ്പുകളില്‍ ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു. അതില്‍ അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിവരാവകാശ മറുപടിയില്‍ പറഞ്ഞിരിക്കുന്നത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതു ഭൂമിയിലാണ് ജുമാമസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നാണ്.
ലഖ്‌നൗ: പുരാതന ക്ഷേത്രങ്ങളുടെ മുകളിലാണ് ജുമാ മസ്ജിദ് നിര്‍മിച്ചതെന്ന വാദവുമായി വിവരാവകാശ പ്രവര്‍ത്തകന്‍. അലിഗഢിലെ ജുമാ മസ്ജിദ് ക്ഷേത്രങ്ങളുടെ മുകളിലാണെന്നാണ് വാദം. ഇതുസംബന്ധിച്ച് അലിഗഢിലെ സിവില്‍ കോടതിയില്‍ ഇയാള്‍ ഹരജി സമര്‍പ്പിച്ചു, വിവരാവകാശ പ്രവര്‍ത്തകനായ പണ്ഡിറ്റ് കേശവ് ദേവ് ഗൗതം ആണ് ഹരജി സമര്‍പ്പിച്ചത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അപ്പര്‍ കോട്ടില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കെതിരെയാണ് ഈ ആരോപണം ഉയര്‍ന്നത്. ശിവ, ബുദ്ധ, ജെയ്ന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുകൊണ്ടാണ് ഈ ജുമാ മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ഹരജിയിലെ വാദം. ഹിന്ദു ഭരണാധികാരികളാണ് പ്രസ്തുത കെട്ടിടം നിര്‍മിച്ചത്. അത് പിന്നീട് കയ്യേറ്റം ചെയ്യപ്പെടുകയായിരുന്നുവെന്ന് ഗൗതം ആരോപിക്കുന്നു.
18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ച ജുമാ മസ്ജിദിന്റെ ഉത്ഭവുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ വകുപ്പുകളില്‍ ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു. അതില്‍ അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിവരാവകാശ മറുപടിയില്‍ പറഞ്ഞിരിക്കുന്നത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതു ഭൂമിയിലാണ് ജുമാ മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നാണ്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേശവ് ദേവ് ഗൗതം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. കൂടാതെ മസ്ജിദ് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍ കേശവ് ദേവ് ഗൗതം ഉന്നയിച്ച വാദങ്ങളെല്ലാം ജുമാ മസ്ജിദ് കമ്മിറ്റി തള്ളിക്കളഞ്ഞു. പള്ളി സ്ഥിതി ചെയ്യുന്നത് വഖഫ് ബോര്‍ഡ് ഭൂമിയിലാണെന്നും അതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അവര്‍ വ്യക്തമാക്കി.
കേശവ് ദേവ് ഗൗതം സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 15ന് കോടതി പരിഗണിക്കും. 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുതയില്‍ തീരുമാനമാകുന്നത് വരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ഡിസംബറില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ഫെബ്രുവരിയില്‍ പരിഗണിക്കുന്നത്.
നിലവില്‍ പിന്തുടരുന്ന മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളില്‍ സര്‍വേ നടത്തുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നടപടികള്‍ക്കോ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.
എന്നാല്‍, നേരത്തെ അലഹബാദിലും സമാനമായി തര്‍ക്കം ഈയടുത്തിടെ ഉരുതിരിഞ്ഞു വന്നിരുന്നു. തര്‍ക്കം കേട്ട അലഹബാദ് ഹൈക്കോടതി സംഭാലിലെ ജുമാ മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന സിവില്‍ കോടിയിലെ നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
വിഷയത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കുന്നതിനും തുടര്‍ വാദം ഫെബ്രുവരി 25ന് കേള്‍ക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.