Air hostess Assault: വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത് ആശുപത്രി ജീവനക്കാരൻ; അന്വേഷണം ആരംഭിച്ചു
Air hostess Assault: എയർഹോസ്റ്റസിന്റെ പരാതിയിൽ സദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചതായി എയർഹോസ്റ്റസായ 46 വയസുകാരി. ഹരിയാനയിലെ ഗുരുഗ്രാമിൽ ഏപ്രിൽ 6നായിരുന്നു സംഭവം. എയർഹോസ്റ്റസിന്റെ പരാതിയിൽ സദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് പരാതിക്കാരി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ അസുഖം ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പൂളിൽ നീന്തിയതിനെ തുടർന്നാണ് അസുഖം ഇവരുടെ ബാധിച്ച് ആരോഗ്യം വഷളായത്.
ഏപ്രിൽ 5ന് ഭർത്താവ് എത്തിയതിന് ശേഷം ഇവരെ ഗുരുഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പരാതി. ഏപ്രിൽ 13ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പരാതിക്കാരി ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനസമയത്ത് പരാതിക്കാരി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
പ്രതിയെ പിടികൂടുന്നതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ആശുപത്രി ജീവനക്കാരുടെ ഓഫീസ് സമയം പരിശോധിക്കുന്നതായും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.