Kangana Ranaut: ‘അമിതാഭ് ബച്ചന് ലഭിക്കുന്ന അതേ ആദരവും സനേഹവും എനിക്കും ലഭിക്കുന്നു’; കങ്കണ റണാവത്ത്
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ന്യൂഡൽഹി, മണിപ്പൂർ തുടങ്ങി ഏത് സംസ്ഥാനത്ത് പോയാലും വളരെയധികം സ്നേഹവും ബഹുമാനവും തനിക്ക് ലഭിക്കുന്നുണ്ടെന്നും കങ്കണ.
സിനിമ മേഖലയിൽ അമിതാഭ് ബച്ചന് ലഭിക്കുന്ന അതേ ആദരവും സനേഹവും തനിക്കും ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് കങ്കണ.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ന്യൂഡൽഹി, മണിപ്പൂർ തുടങ്ങി ഏത് സംസ്ഥാനത്ത് പോയാലും വളരെയധികം സ്നേഹവും ബഹുമാനവും തനിക്ക് ലഭിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും സിനിമ ഇൻഡസ്‌ട്രിയിൽ ഇത്രയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് തനിക്ക് മാത്രമാണെന്നും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കങ്കണ പറഞ്ഞത് വിവാദമായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവിനെ ലക്ഷ്യമിട്ട് പറഞ്ഞത് സ്വന്തം പാർട്ടിയായ ബിജെപിയിലെ നേതാവിന് നേരെയാണ് കൊണ്ടത്. മത്സ്യം കഴിക്കുന്നതിനെ കുറിച്ച് പറയുന്നതിനിടയിൽ തേജസ്വി യാദവ് എന്നതിനു പകരം തേജസ്വി സൂര്യ എന്നാണ് കങ്കണ പറഞ്ഞത്. ബംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമാണ് തേജസ്വി സൂര്യ.
ഹിമാചൽ പ്രദേശിലെ തിരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് പിഴവ് സംഭവിച്ചത്. നവരാത്രിക്കിടെ തേജസ്വി യാദവ് മത്സ്യം കഴിച്ചെന്ന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഇത് പ്രതിപക്ഷത്തിനെതിരായ പ്രചാരണ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള തൻറെ വീഡിയോ ആണ് പുറത്തുവന്നതെന്ന് തേജസ്വി യാദവ് ആരോപണത്തോട് പ്രതികരിച്ചിരുന്നു. ആർജെഡി നേതാവ് മുകേഷ് സാഹ്നിക്കായുള്ള പ്രചാരണത്തിന് ശേഷം ഹെലികോപ്റ്ററിൽ വച്ച് വറുത്ത മീനും റൊട്ടിയും കഴിക്കുന്ന തേജസ്വി യാദവിൻറെ വീഡിയോ ആയിരുന്നു പുറത്തുവന്നത്. തേജസ്വി യാദവ് നവരാത്രി നാളിൽ മത്സ്യം കഴിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
‘എമർജൻ’സിയാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമർജൻസിയുടെ പ്രമേയം. മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘എമർജൻസി’. ജൂൺ 14-ന് ചിത്രം തിയേറ്ററുകളിലെത്തും.