TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ
Vijay's TVK Party First Conference: 600 മീറ്റർ റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും.
ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളനം ഇന്ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടക്കും. 85 ഏക്കറിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുക. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ, 110 അടി ഉയരമുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തുക.
600 മീറ്റർ നീണ്ട റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും. സുരക്ഷയ്ക്കായി 5000 പോലീസുകാർ സ്ഥലത്തുണ്ടാകും. ഇതിനു പുറമെ, വിജയ്ക്കും മറ്റ് വിശിഷ്ട അതിഥികൾക്കുമായി അഞ്ച് കാരവാനുകളും സജ്ജീകരിച്ചിട്ടുണ്ട്.
അരലക്ഷം പേർക്ക് ഇരിക്കാൻ സൗകര്യത്തിന് കസേരകൾ ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവർക്കായി വലിയ വീഡിയോ വാളുകളുമുണ്ട്. കൂടാതെ, പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്ക്കായി പ്രത്യേകം ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി
കൊടിമരത്തിൽ പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിക്കുക. അംബേദ്ക്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ടൗട്ടുകളും സമ്മേളന വേദിക്ക് മുന്നിലായി ഒരുക്കിയിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തന്നെ പാർട്ടി അറിയിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാനായി, തമിഴ്‌നാടിന് പുറമെ കേരളം, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരും എത്തും. സമ്മേളനം നടക്കുന്ന പ്രദേശത്തിന് അടുത്തുള്ള മേഖലകളിൽ നാല്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുമ്പ് തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു.
അതേസമയം, ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. തുടർന്ന്, ഓഗസ്റ്റിൽ പാർട്ടി പതാകയും ഗാനവും അവതരിപ്പിച്ചു. വൈകാതെ തന്നെ, തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമായിട്ടാണ് പാർട്ടി പ്രവർത്തനം എന്നാണ് വിവരം.