TVK Party: ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി, പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്
Actor Vijay In TVK Rally: അച്ഛന്റെയും അമ്മയുടെയും ആശീര്‍വാദം വാങ്ങിയ ശേഷമായിരുന്നു തന്റെ പാർട്ടിയായ ടിവികെയുടെ സമ്മേളനത്തിൽ വിജയ് പ്രസംഗം ആരംഭിച്ചത്.
ചെന്നൈ: ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി നടൻ വിജയ്. വില്ലുപുരത്ത് നടന്ന തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ പൊതുസമ്മേളനത്തിലാണ് ജാതി സെന്‍സസ് വേണമെന്ന ആവശ്യം നടൻ ഉയർത്തിയത്. പതിനായിര കണക്കിന് ജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ തന്റെ പാർട്ടിയായ ടിവികെയുടെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുമെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.
ജാതിവിവേചനങ്ങളെ എതിർത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കായുള്ള പോരാട്ടം തുടരും. ശക്തമായി അനീതിക്കെതിരെ മുന്നോട്ട് പോകും. വിവേകമുള്ളവരായിരിക്കണം അണികൾ. ജനങ്ങൾക്കായി പ്രവർത്തിക്കണം എന്ന ചിന്തിയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരിച്ചത്. അതുകൊണ്ടുതന്നെ ടിവികെയുടെ ഓരോ ചുവടും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് തുറന്നു പറയുമ്പോൾ ശത്രുക്കള്‍ ആരെന്ന് തിരിച്ചറിയാം. ശത്രുക്കളാണ് പാർട്ടിയുടെ ജയം തീരുമാനിക്കുന്നത്’, അദ്ദേഹം പറഞ്ഞു. അഴിമതിയും അസമത്വവുമാണ് ടിവികെയുടെ മുഖ്യശത്രുക്കൾ. അഴിമതിക്കെതിരായ പോരാട്ടം ടിവികെ കാഴ്ചവയ്ക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു.
പ്രഖ്യാപനങ്ങൾ വെറും വാക്കിൽ ഒതുങ്ങില്ല. മകനായും സഹോദരനായും സുഹൃത്തായും എപ്പോഴും ജനങ്ങൾക്ക് ഒപ്പമുണ്ടാകും. പണത്തിന് വേണ്ടില്ല, കൃത്യമായ ലക്ഷ്യങ്ങൾ നടപ്പാക്കാൻ തയ്യാറായിരിക്കുന്നവരാണ് സമ്മേളന വേദിയിലേക്ക് എത്തിയിരിക്കുന്നത്. ടിവികെയുടെ പ്രഖ്യാപനങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുന്നത് തമിഴ്നാട് മാത്രമല്ല അയൽസംസ്ഥാനങ്ങൾ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും വിജയ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ജനങ്ങളുടെ വോട്ട് ലഭിക്കുമെന്നും നടൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവരെ തകർക്കാനാണ് ഒരു വിഭാഗം ജനങ്ങൾ ശ്രമിക്കുന്നത്. ഏകാധിപതികളെ പോലെ പെരുമാറുന്ന അക്കൂട്ടർക്കുള്ള മറുപടിയാണ് ടിവികെ. കുടുംബാധിപത്യമാണ് പാർട്ടിയുടെ മുഖ്യ എതിരാളിയെന്നും അതിനെ തകർക്കണമെന്നും ഡിഎംകെയെ വിമർശിച്ചുകൊണ്ട് വിജയ് പറഞ്ഞു. ബിജെപി ആശയപരമായി എതിരാളിയാണെന്നും നടൻ കൂട്ടിച്ചേർത്തു.
തമിഴക വെട്രി കഴകത്തിന്റെ ശക്തി സ്ത്രീകളായിരിക്കുമെന്നും വിജയ് വ്യക്തമാക്കി. അമ്മ പെങ്ങമാരുടെ പിന്തുണയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. സത്രീ സുരക്ഷയ്ക്ക് പ്രധാന്യം നൽകും. മകനായും സഹോദരനായും ഒപ്പമുണ്ടാകും. കൂത്താടി എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം വളർന്നതിന് പിന്നിൽ സിനിമകൾക്ക് പങ്കുണ്ട്. കൃത്യമായ റിവ്യൂകൾ പറയുന്നതും കയ്യടിക്കുന്നത് സാധാരണക്കാരാണെന്നും നടൻ ചൂണ്ടിക്കാട്ടി. സിനിമയിൽ വന്നപ്പോഴും പലരും വ്യക്തിഹത്യ നടത്തി. പോരാടിതന്നെയാണ് ഇവിടംവരെയെത്തിയതെന്നും വിജയ് പറഞ്ഞു.
ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ സിനിമയിലൂടെ സാധിച്ചു. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും. അവരുടെ വിശ്വാസം കാക്കുമെന്നും തെറ്റായ രാഷ്ട്രീയത്തെ തുടച്ചുനീക്കുമെന്നും വിജയ് ഉറപ്പുനൽകി. 2026 ഒരു പുതിയ രാഷ്ട്രീയ വർഷമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച വിജയ്, ടിവികെയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചുള്ള വീഡിയോയും സമ്മേളന വേദിയിൽ പ്രദർശിപ്പിച്ചു.
ടിവികെ മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങൾ
ഗവർണർ പദവി നീക്കം ചെയ്യും
കോടതികളിൽ ഭരണഭാഷ തമിഴാക്കും
സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉറപ്പുവരുത്തും
ജാതി സെൻസസ് നടപ്പാക്കും
സ്റ്റേറ്റ് ലിസ്റ്റിൽ വിദ്യാഭ്യാസം പുനഃസ്ഥാപിക്കും