Renuka Swamy Murder Case : ദർശനും കൂട്ടാളികളും നടത്തിയത് കൊടും ക്രൂരത; രേണുക സ്വാമിയെ മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിച്ചു, ഷോക്കടിപ്പിച്ചു
Actor Darshan Renuka Swamy Murder Case Updates : ഫാർമസി ജീവനക്കാരനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ദർശൻ്റെ സുഹൃത്തും മോഡലും നടിയുമായ പവിത്ര ഗൗഡയുടെ നിർദേശ പ്രകാരമാണ് നടനും കൂട്ടാളികളും ചേർന്ന് രേണുക സ്വാമിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ബെംഗളൂരു : 33കാരനായ ഫാർമസി ജീവനക്കാരൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയത് കൊടു ക്രൂരതയ്ക്ക് ശേഷമെന്ന് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. കന്നഡ സിനിമ താരം ദർശൻ തൂഗുദീപയും കൂട്ടാളികളും ചേർന്ന് രേണുക സ്വാമിയെ മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിക്കുകയും തുടർന്ന് ഷോക്കടിപ്പിക്കുകയും ചെയ്തുയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നടനും നടൻ്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേർ ചേർന്നാണ് 33കാരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്.
കൊലപാതകം നടത്താൻ ദർശൻ ചിലവഴിച്ചത് 50 ലക്ഷം രൂപ
കൊലപാതകം നടത്താൻ ദർശൻ 50 ലക്ഷം രൂപ ചിലവഴിച്ചുയെന്നാണ് പോലീസിൻ്റെ നിഗമനം. ഇതിനായി നടൻ നാല് പേരെയാണ് ആദ്യം ചുമതലപ്പെടുത്തിയത്. രേണുക സ്വാമിയെ ചിത്രദുർഗയിൽ നിന്നും കടത്തികൊണ്ടുവരുന്നതിന് വേണ്ടി ഈ തുകയയിൽ നിന്നും 30 ലക്ഷം നൽകിയെന്നാണ് പോലീസ് പറയുന്നത്. ഈ തുക ദർശൻ പവൻ എന്ന പ്രദോഷിന് നൽകി. കൊല നടത്താനും മൃതദേഹം മറവ് ചെയ്യാനും നിഖിൽ, കേശവമൂർത്തി എന്നിവർക്കായി അഞ്ച് ലക്ഷം രൂപ വീതം നൽകിയെന്നുമാണ് പോലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപ വ്യാജ മൊഴി നൽകാൻ പ്രതികളുടെ ബന്ധുക്കളായ രണ്ട് യുവാക്കൾക്കും നൽകിയെന്നും പോലീസ് പറയുന്നു.
എന്തിന് രേണുക സ്വാമിയെ കൊലപ്പെടുത്തി
കർണാടകയിലെ ചിത്രദുർഗ സ്വദേശിയാണ് കൊല്ലപ്പെട്ട രേണുക സ്വാമി. ഫാർമസി ജീവനക്കാരനായ രേണുക നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചിരുന്നു. ഇക്കാര്യം നടി സുഹൃത്തായ കന്നഡ സൂപ്പർ താരത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് നടൻ്റെ നിർദേശ പ്രകാരം ജൂൺ എട്ടാം തീയതി രേണുകയെ ചിത്രദുർഗയിൽ നിന്നും കടത്തികൊണ്ടു പോയി. ബെംഗളൂരുവിൽ ഒരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ച 33കാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ. അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ദർശനുമായി സംസാരിക്കാമെന്ന വ്യാജേനയാണ് രേണുക സ്വാമിയെ ചിത്രദുർഗയിൽ നിന്നും നാല് പേർ കടത്തികൊണ്ടുവന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്
മർദ്ദനമേറ്റ് 33കാരൻ്റെ തലയ്ക്കും ഉദരഭാഗത്തും ആന്തരിക രക്തസ്രവമുണ്ടായതാണ് പ്രധാനമരണകാരണം. കൂടാതെ ശരീരത്തിൽ ഷോക്ക് അടിപ്പിച്ചതും മരണത്തിൻ്റെ ആഘാതം കൂട്ടി. രേണുക സ്വാമിയെ അടിക്കുന്നതിനായി ഉപയോഗിച്ച ദർശൻ്റെ ബെൽറ്റും പോലീസ് കണ്ടെത്തി. രേണുകയെ കൊലപ്പെടുത്താൻ എത്തിച്ച സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് രക്ത സാമ്പിളുകളും മുടിനാരുകളും കണ്ടെത്തി. അന്തിമ ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കൂടാതെ ചിത്രദുർഗയിൽ നിന്നും രേണുകയെ കടത്തികൊണ്ടുവന്ന രണ്ട് കാറും പോലീസ് കണ്ടെത്തി. ഒരു കാർ നടൻ ദർശനുമായി ബന്ധമുണ്ട്. മറ്റൊരു കാർ ചിത്രദുർഗയിൽ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.