5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മോദിക്കെതിരെ നടപടിയെടുക്കണം; മുസ്ലിങ്ങളെ മോദി പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു: മുഖ്യമന്ത്രി

നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതിപക്ഷം ഇതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് കമ്മീഷന്റെ നിലപാട് പുറത്തുവന്നത്. വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

മോദിക്കെതിരെ നടപടിയെടുക്കണം; മുസ്ലിങ്ങളെ മോദി പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു: മുഖ്യമന്ത്രി
Pinarayi Vijayan
shiji-mk
Shiji M K | Published: 22 Apr 2024 17:44 PM

കണ്ണൂര്‍: പ്രധാനമന്ത്രിയുടെ പ്രസംഗം തീര്‍ത്തും രാജ്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മുസ്ലിങ്ങളെ മോദി പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.

സാങ്കല്‍പ്പിക കഥകള്‍ കെട്ടിച്ചമച്ച് മുസ്ലിം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ്രചരണമാണ് മോദി നടത്തുന്നത്. മുസ്ലിം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഒരുപാട് മുസ്ലിങ്ങളുടെ പേര് കാണാന്‍ സാധിക്കും.

പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്കുണ്ട്. തീര്‍ത്തും നിയമവിരുദ്ധമായ കാര്യമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണം. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ശരിയായ രീതിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കണം. മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതിപക്ഷം ഇതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് കമ്മീഷന്റെ നിലപാട് പുറത്തുവന്നത്. വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.

അതേസമയം, പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി സിപിഐഎമ്മും കോണ്‍ഗ്രസും. മോദി നടത്തിയ ഹിന്ദു-മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലാണ് ഇരു പാര്‍ട്ടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടും വ്യക്തമാക്കി കഴിഞ്ഞു.

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ് മോദി പറഞ്ഞത്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

‘രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുക്കയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?,’ മോദി ചോദിച്ചു.

അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും സ്വത്ത് സര്‍വേ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ സഹോദരിമാര്‍ക്ക് എത്ര സ്വര്‍ണമുണ്ടെന്ന് അവര്‍ അന്വേഷിക്കും. നമ്മുടെ ആദിവാസി കുടുംബങ്ങളുടെ കൈയ്യിലുള്ള വെള്ളി എത്രയുണ്ടെന്ന് രേഖപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തും പണവും എത്രയാണെന്ന് പരിശോധിക്കും. ഇത് മാത്രമല്ല നമ്മുടെ സഹോദരിമാരുചെ കൈയ്യിലുള്ള സ്വര്‍ണവും മറ്റ് സ്വത്തുക്കളും തുല്യമായി പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താന്‍ കോണ്‍ഗ്രസ് സാമ്പത്തികവും സ്ഥാപനപരവുമായ ഒരു സര്‍വേ നടത്തുമെന്നും സ്വത്തുക്കള്‍ പുനര്‍വിതരണം ചെയ്യുമെന്നും അടുത്തിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസംഗം.