5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Peacock Curry Video: വ്യൂസ് കൂട്ടാന്‍ ട്രെഡീഷണല്‍ മയില്‍ കറി തയാറാക്കി; യുട്യൂബര്‍ അറസ്റ്റില്‍

Wildlife Protection Act: സംഭവം ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. വീഡിയോ വിവാദമായതോടെ ഇയാളുടെ യുട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

Viral Peacock Curry Video: വ്യൂസ് കൂട്ടാന്‍ ട്രെഡീഷണല്‍ മയില്‍ കറി തയാറാക്കി; യുട്യൂബര്‍ അറസ്റ്റില്‍
PTI Image
shiji-mk
Shiji M K | Published: 13 Aug 2024 12:35 PM

ഇന്ന് യുട്യൂബ് തുറന്നാല്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്ന നിരവധി വീഡിയോകള്‍ കാണാന്‍ സാധിക്കും. നാട് മുഴുന്‍ യുട്യൂവേഴ്‌സ് ആണെന്ന് പറയാറില്ലെ. ഏത് വീട് പരിശോധിച്ചാലും അവിടെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ എങ്കിലും ഉണ്ടാകും. ഫുഡ് വ്‌ളോഗുകളും, ബ്യൂട്ടി ടിപ്‌സുകളും തുടങ്ങി എന്തും ഇന്ന് യുട്യൂബില്‍ ലഭിക്കും. ഭക്ഷണം തയാറാക്കുന്നതിന്റെ എത്രയെത്ര വീഡിയോകള്‍ ആണല്ലെ നാം ദിനംപ്രതി കാണുന്നത്. കൊതിയൂറുന്ന രീതിയില്‍ അവ നമ്മുടെ കണ്‍മുമ്പിലേക്ക് വെച്ചുതരുമ്പോള്‍ ആര്‍ക്കായാലും ഒന്ന് തയാറാക്കി നോക്കാന്‍ തോന്നും.

ആ വീഡിയോയെല്ലാം നമ്മള്‍ കണ്ടാല്‍ മാത്രമേ അവര്‍ക്ക് പണം ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ വ്യൂസ് കൂട്ടാനായി പല വഴികളും യുട്യൂബേഴ്‌സ് സ്വീകരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യൂസ് വര്‍ധിപ്പിക്കാന്‍ ഒരു വിരുതന്‍ സ്വീകരിച്ച മാര്‍ഗമാണ് ചര്‍ച്ചയായിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ എങ്ങനെ മയില്‍കറി തയാറാക്കാം എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. കോടം പ്രണയ് കുമാര്‍ എന്ന യുട്യൂബറാണ് വീഡിയോ പങ്കുവെച്ചത്. ഇതോടെ ഇയാള്‍ക്ക് പിടിവീഴുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് യുട്യൂബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: Independence Day : ബഷീർ മുതൽ കമലാദേവി വരെ; ചരിത്രത്തിൽ അറിയപ്പെടാതെ പോയ സ്വാതന്ത്ര്യ സമര സേനാനികൾ

സംഭവം ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. വീഡിയോ വിവാദമായതോടെ ഇയാളുടെ യുട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

എന്താണ് വന്യജീവി സംരക്ഷണ നിയമം?

1972ലാണ് വന്യജീവി നിയമം നിലവില്‍ വരുന്നത്. വന്യജീവികളുടെ സംരക്ഷണത്തിനാണ് ഈ നിയമം ഊന്നല്‍ നല്‍കുന്നത്. പാരിസ്ഥികമായ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വന്യമൃഗങ്ങള്‍, പക്ഷികള്‍, സസ്യജാലങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

2006ലാണ് ഈ നിയമം അവസാനമായി ഭേദഗതി ചെയ്തത്. 2013ല്‍ രാജ്യസഭയില്‍ ഒരു ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും 2015ല്‍ അത് പിന്‍വലിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 48 എ പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വന്യജീവികളെയും വനങ്ങളെയും സംരക്ഷിക്കാനും ഓരോ സംസ്ഥാനത്തോടും നിര്‍ദേശിക്കുന്നുണ്ട്. 1976ല്‍ നടന്ന 42ാം ഭേദഗതിയിലൂടെയാണ് ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

നിയമത്തിന്റെ ആവശ്യം

വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യം. പല ജീവിവര്‍ഗങ്ങളുടെയും എണ്ണത്തില്‍ ദ്രുതഗതിയിലുള്ള കുറവുണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യ ഏകദേശം 40000 കടുവകളുടെ ആവാസ കേന്ദ്രമായിരുന്നു. എന്നാല് 1972ല്‍ നടന്ന സെന്‍സസില്‍ കടുവകളുടെ എണ്ണം 1827 ആണ് രേഖപ്പെടുത്തിയത്.

സസ്യജന്തുജാലങ്ങളുടെ ഗണ്യമായ കുറവ് പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും മോശമായി ബാധിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ നിയമമാണ് വൈല്‍ഡ് ബേര്‍ഡ്‌സ് ആന്‍ഡ് അനിമല്‍സ് പ്രൊട്ടക്ഷന്‍. 1935 ലാണ് ഈ നിയമം പാസാക്കിയിരുന്നത്. ഈ നിയമം നിലവില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ ആകെ അഞ്ച് ദേശീയ പാര്‍ക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

നിയമത്തിന് കീഴിലുള്ള സംരക്ഷിത പ്രദേശങ്ങള്‍

സാങ്ച്വറികള്‍

പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ വന്യജീവികള്‍ക്ക് മനുഷ്യരുടെ ഇടപെടലില്ലാതെ അവരുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്ന ഒരു കേന്ദ്രമാണ് സാങ്ച്വറികള്‍ എന്നുപറയുന്നത്. ഇവിടെ വേട്ടയാടല്‍ അനുവദിക്കുന്നതല്ല. ഇവിടെ വന്യമൃഗങ്ങളെയും പക്ഷികളെയും ഉള്‍പ്പെടെ സംരക്ഷിക്കുന്നത് വാണിജ്യാവശ്യത്തിനല്ല.

ദേശീയോദ്യാനങ്ങള്‍

പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങള്‍. വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. പ്രകൃതി-പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവുമാണ് ഒരു ദേശീയോദ്യാനത്തിന്റെ ലക്ഷ്യം.

കണ്‍സര്‍വേഷന്‍ റിസര്‍വുകള്‍

പ്രാദേശികമായിട്ടുള്ള ആളുകളുമായി കൂടിയാലോചിച്ച ശേഷം സംസ്ഥാന ഗവണ്‍മെന്റിന് ഒരു പ്രദേശം ഒരു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാവുന്നതാണ്. ഇതാണ് കണ്‍സര്‍വേഷന്‍ റിസര്‍വുകള്‍.

Also Read: Kaun Banega Crorepati: കോന്‍ ബനേഗാ ക്രോര്‍പതി സമ്മാനിച്ചത് 5 കോടി; ദുശീലം ജീവിതം മാറ്റിമറിച്ചു, ഇപ്പോള്‍ അന്നം കണ്ടെത്തുന്നത് പാല്‍ വിറ്റ്

കമ്മ്യൂണിറ്റി റിസര്‍വ്

പ്രാദേശികമായ ആളുകളോ വന്യജീവികളെ സംരക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച വ്യക്തിയുമായോ കൂടിയാലോചിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് ഏതെങ്കിലും സ്വകാര്യ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഭൂമി കമ്മ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിക്കാവുന്നതാണ്.

കടുവ സംരക്ഷണ കേന്ദ്രങ്ങള്‍

ഈ പ്രദേശങ്ങള്‍ കടുവകളുടെ സംരക്ഷണത്തിനുമായി മാറ്റിവെച്ചിരിക്കുന്നതാണ്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവ പ്രഖ്യാപിക്കുക.