Viral news: ഇവിടുത്തെ ദൈവം അന്യഗ്രഹജീവി; അവരെ കണ്ട് അനുവാദം വാങ്ങി നിർമ്മിച്ച ക്ഷേത്രമെന്ന് തമിഴ്നാട് സ്വദേശി
Temple for an Alien : സമനിരപ്പിൽ നിന്ന് 11 അടി താഴെയുള്ള ഈ ക്ഷേത്രത്തിൽ അന്യഗ്രഹജീവിയുടെ പ്രതിമ പതിവായി ആരാധിക്കപ്പെടുന്നുണ്ട്.
സേലം: സേലം ജില്ലയിലെ മല്ലമുപ്പട്ടി ഗ്രാമത്തിൽ എത്തിയാൽ ഏലിയൻ ദൈവത്തെ കാണാം. ഇവിടുത്തുകാരനായ ഒരാൾ അന്യഗ്രഹജീവിക്കായി ക്ഷേത്രം പണിതതോടെയാണ് ഈ സ്ഥലം പ്രശസ്തമായത്. മുക്കാൽ ഏക്കർ സ്ഥലമെടുത്ത് അവിടെയാണ് ക്ഷേത്രം പണിതത്. പണിയുന്നതിന് മുമ്പ് അന്യഗ്രഹജീവികളിൽ നിന്ന് അനുവാദം വാങ്ങിയെന്നും ഇയാൾ പറയുന്നു. ‘സിദ്ധർ ഭകിയ’ എന്നറിയപ്പെടുന്ന ലോകനാഥനാണ് ഈ വ്യത്യസ്തനായ മനുഷ്യൻ. ഭൂമിക്കടിയിലാണ് ക്ഷേത്രമുള്ളത്.
സമനിരപ്പിൽ നിന്ന് 11 അടി താഴെയുള്ള ഈ ക്ഷേത്രത്തിൽ അന്യഗ്രഹജീവിയുടെ പ്രതിമ പതിവായി ആരാധിക്കപ്പെടുന്നുണ്ട്. പരമശിവൻ സൃഷ്ടിച്ച ആദ്യത്തെ ദേവതകൾ അന്യഗ്രഹജീവികളാണെന്നും ലോകത്തെ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള കഴിവ് ഇവർക്കുണ്ടെന്നും ലോഗനാഥൻ അവകാശപ്പെടുന്നു.
അന്യഗ്രഹ ജീവികളെ സിനിമകളിൽ കാണിക്കുന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് കാണപ്പെടുന്നതെന്നും അവർ സ്ത്രീ-പുരുഷ രൂപങ്ങളിൽ വരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അവർ ഇവിടെ വന്നിരിക്കുന്നത് മനുഷ്യരാശിയെ സഹായിക്കാനാണെന്നും നമ്മെ ദ്രോഹിക്കാനല്ലെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.“ഞാൻ അന്യഗ്രഹജീവികളെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവർ നല്ലത് ചെയ്യാൻ മാത്രം ശ്രമിക്കുന്നു,” എന്ന് ലോഗനാഥൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവൻ, പാർവ്വതി, മുരുകൻ, കാളി തുടങ്ങിയ ദേവന്മാരുടെ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്.
അന്യഗ്രഹജീവികളാണ് ആദ്യകാല ജീവികളെന്നും ഭൂമിയിൽ അവരുടെ സാന്നിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യഗ്രഹജീവികളെ ആരാധിക്കുന്നതിലൂടെ ഒരാളുടെ ജീവിതം നന്നാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നു. അവർ രണ്ടുതവണ വന്ന് തന്നോട് സംസാരിച്ചെന്നും തൻ്റെ അനുഭവങ്ങൾ വെറും ഫാൻ്റസിയായി തള്ളിക്കളയരുതെന്നും ലോഗനാഥൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
അന്യഗ്രഹജീവികൾ ഉടൻ തന്നെ ദൃശ്യമാക്കുമെന്നും അവരുടെ അസ്തിത്വം തിരിച്ചറിയുന്നതിലൂടെ മനുഷ്യരാശിക്ക് പുതിയ അറിവുകളും പുരോഗതികളും കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.