Students Plan to Murder Classmate: ‘സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തണം’; ഒമ്പതാം ക്ലാസുകാരന് 100 രൂപ നൽകി ഏഴാം ക്ലാസുകാരൻ
Student Plans to Murder Classmate in Pune: പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാർത്ഥിനി അധ്യാപകരോട് പറഞ്ഞതാണ് വിദ്യാർത്ഥിയെ കുപിതനാക്കിയത്. ഇതോടെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടത്.

അടുത്തകാലത്തായി പുറത്തു വരുന്ന വാർത്തകളിൽ മിക്കതും വിദ്യാര്‍ത്ഥികൾ തമ്മിലുള്ള സംഘർഷത്തിന്റേതാണ്. ഏറ്റവും ഒടിവിലായി വന്നത് കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാര്‍ത്ഥിയായിരുന്ന പതിനഞ്ചുകാരന്റെ ആത്മഹത്യയുടേതായിരുന്നു. ഇത് ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകൾ മലയാളികളെ ഒട്ടാകെ ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ, ഇതിന് സമാനമായ ഒരു വാർത്തയാണ് പൂനെയിൽ നിന്നും വരുന്നത്. തനിക്കെതിരെ പരാതി പറഞ്ഞ തന്റെ സഹപാഠിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ഒരു ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരന് നൽകിയത് 100 രൂപയാണ്.
പൂനെയിലെ ദൗണ്ട് നഗരത്തിലെ തെഹ്‌സിലിലെ സെന്‍റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിക്ക് 100 രൂപ നൽകിയത്. പണം ലഭിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇക്കാര്യം അധ്യാപകരോട് പറഞ്ഞതെന്ന് ന്യൂസ് 18 മറാഠി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാർത്ഥിനി അധ്യാപകരോട് പറഞ്ഞതാണ് വിദ്യാർത്ഥിയെ കുപിതനാക്കിയത്. ഇതോടെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സംഭവം പ്രന്‍സിപ്പലിനെയും മറ്റൊരു അധ്യാപകനെയും അറിയിച്ചിരുന്നു. എന്നാൽ, സ്‌കൂളിന്റെ സൽപ്പേരിന് കളങ്കം വരുമെന്ന് കരുതി പരാതി പറഞ്ഞ വിദ്യാർത്ഥിയെ അധ്യാപകർ ചേർന്ന് ഭീഷണിപ്പെടുത്തി വിടുകയായിരുന്നു. അതേസമയം, പണം വാഗ്ദാനം ചെയ്ത ഏഴാം ക്ലാസുകാരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ല. ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതോടെ ആണ് സംഭവം പുറത്ത് വന്നത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും, പ്രസിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും മറ്റൊരു അധ്യാപകനെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന്, മൂന്ന് പേർക്കും എതിരെ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തിയതിനും മാനസികമായി അപമാനിച്ചതിനും കേസെടുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പണം വാഗ്ദാനം ചെയ്ത ആൺകുട്ടിക്ക് 12 വയസ്സ് തികഞ്ഞിട്ടില്ലാത്തതിനാലും, ക്രിമിനൽ നടപടി അനുവദിക്കാത്തതിനാലും കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.