UP MPs Criminal Cases : യുപിയിലെ ഏഴ് പ്രതിപക്ഷ എംപിമാർക്കെതിരെ ക്രിമിനൽ കേസുകൾ; ശിക്ഷിച്ചാൽ എംപി സ്ഥാനം അസാധുവാക്കപ്പെടാൻ സാധ്യത
Uttar Pradesh INDIA MPs Criminal Cases : ഉത്തർപ്രദേശിലെ ഏഴ് പ്രതിപക്ഷ എംപിമാർക്കെതിരെ ക്രിമിനൽ കേസുകൾ. രണ്ട് വർഷത്തിലധികം തടവുശിക്ഷ ലഭിച്ചാൽ ഇവർക്ക് എംപി സ്ഥാനം നഷ്ടമാവും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫലം ഏറെ ചർച്ച ആയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽ ഇൻഡ്യാ മുന്നണി നേട്ടമുണ്ടാക്കിയത് രാഷ്ട്രീയമായിപ്പോലും ഏറെ ചലനമുണ്ടാക്കിയതാണ്. എന്നാൽ, ഈ സന്തോഷം ഏറെ വൈകാതെ പൊലിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പ്രതിപക്ഷ എംപിമാർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. ഇതിൽ പലതും കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ട് കൊല്ലത്തിലധികം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസുകളും. നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരെ രണ്ട് വർഷത്തിലധികം തടവ് ശിക്ഷ വിധിക്കപ്പെട്ടാൽ അയാൾ അയോഗ്യനാവും. അതുകൊണ്ട് തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ഏഴ് എംപിമാരും അയോഗ്യരാക്കപ്പെടാൻ സാധ്യത ഏറെയാണ്. ഇത് സംഭവിച്ചാൽ യുപിയിൽ ഇൻഡ്യാ മുന്നണി ഉണ്ടാക്കിയെടുത്ത നേട്ടം വെറുതെയാവും.
ഗാസിപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അഫ്സൽ അൻസാരിയെ ഗുണ്ടാ ആക്ട് കേസിൽ നാല് വർഷം തടവിന് വിധിച്ചിരുന്നതാണ്. എന്നാൽ, കഴിഞ്ഞ മാസം ഇദ്ദേഹത്തിൻ്റെ ശിക്ഷ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കാനായത്. അടുത്ത മാസം ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ശിക്ഷ കോടതി ശരിവെച്ചാൽ അൻസാരി അയോഗ്യനാക്കപ്പെടും.
Read Also: Modi 3.0 Ministry Charges: മൂന്നാം മോദി സര്‍ക്കാര്‍; മൂന്ന് വകുപ്പുകളുമായി ജോര്‍ജ് കുര്യനും തിളങ്ങും
അസംഗഡ് മണ്ഡലത്തിലെ എംപി ധർമ്മേന്ദ്ര യാദവിൻ്റെ പേരിൽ നാല് കേസുകളാണുള്ളത്. ജൗൻപൂരിൽ വിജയിച്ച ബാബു സിംഗ് കുശ്വാഹക്കെതിരായ 25 അഴിമതിക്കേസുകളാണുള്ളത്. അതിൽ എട്ടെണ്ണത്തിലും കുറ്റം ചുമത്തിയിട്ടുണ്ട്. സുൽത്താൻപൂർ മണ്ഡലത്തിൽ മനേക ഗാന്ധിയെ തോല്പിച്ച രാംഭുവൽ നിഷാദിനെതിരെ ഗുണ്ടാനിയമം ഉൾപ്പെടെ എട്ട് കേസുകളാണ് ഉള്ളത്. ചന്ദൗലി എംപി വീരേന്ദ്ര സിംഗും സഹാറൻപൂരിൽ നിന്ന് വിജയിച്ച ഇമ്രാൻ മസൂദും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മസൂദിനെതിരായ എട്ട് കേസുകളിൽ ഒന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്തതാണ്. നാഗിനയിൽ വിജയിച്ച ചന്ദ്രശേഖർ ആസാദിനെതിരെ 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, മൂന്നാം എൻഡിഎ മന്ത്രിസഭ രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ തുടർച്ച തന്നെയാണ്. ഏതാനും ചില വകുപ്പുകൾ ഒഴിച്ച് ബാക്കിയെല്ലാം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ബിജെപി തന്നെ. ആഭ്യന്തര മന്ത്രിയായി അമിത് ഷായും ധനമന്ത്രിയായി നിർമല സീതാരാമനും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗും ഗതാഗത മന്തിയായി നിതിൻ ഗഡ്കരിയും തുടരും.