Lok Sabha Election 2024: മൂന്നാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിങ് 65.68 ശതമാനം
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിച്ചപ്പോള്‍ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 65.68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്. അവിടെ 85.25 ശതമാനമാണ് പോളിങ്. 93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
ബിഹാര്‍- 5 സീറ്റുകള്‍-59.14 ശതമാനം വോട്ടിങ് രേഖപ്പെടുത്തി, ഗോവ രണ്ട് സീറ്റുകള്‍- 76.06 ശതമാനം, ഛത്തീസ്ഗഢ് 7 സീറ്റുകള്‍-71.98 ശതമാനം, കര്‍ണാടക 14 സീറ്റുകള്‍- 71.84 ശതമാനം, ദാദ്ര നഗര്‍ ഹവേലി& ദാമന്‍ ദിയു രണ്ട് സീറ്റുകള്‍ 71.31 ശതമാനം, മധ്യപ്രദേശ് 9 സീറ്റുകള്‍ 66.74 ശതമാനം, ഗുജറാത്ത് 25 സീറ്റുകള്‍ 60.13 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.
നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം അവസാനിച്ചിട്ടുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 96 ലോക്‌സഭ മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 13 ഉം മഹാരാഷ്ട്രയില്‍ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങള്‍ വീതവും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഇതേ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇതിനൊപ്പമാണ് നടക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയല്ലെന്നും രാജാവാണെന്നും രാഹുല്‍ പരിഹസിച്ചു. ലഖ്നൗവില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചിരുന്നുവെന്നും രാഹുല്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. അത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ പാര്‍ട്ടി അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘സമീപ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്,’ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഒരു ഏകാധിപതിയാണെന്നും നിക്ഷേപകരെ മറയായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
‘നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയല്ല, അദ്ദേഹം ഒരു സര്‍വാധിപതിയാണ്. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ അദ്ദേഹത്തിന് യാതൊന്നും ചെയ്യാനില്ല. 21ാം നൂറ്റാണ്ടിന്റെ രാജാവാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്ന നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 180 സീറ്റുകളിലധികം നേടില്ല. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തില്ലെന്നും രാഹുല്‍ പ്രസ്താവിച്ചു.
‘അധികാരത്തിലേക്കാണ് ഞാന്‍ പിറന്നുവീണത്, അതുകൊണ്ട് അധികാരത്തില്‍ എനിക്ക് താല്‍പര്യവുമില്ല. അധികാരമെന്നാല്‍ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണെനിക്ക്,” രാഹുല്‍ പറഞ്ഞു.