Earthquake: കാര്‍ഗിലില്‍ ഭൂചലനം, 5.2 തീവ്രത; ജമ്മുവില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം
Earthquake Ladakh: ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവിലെ വിവിധയിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള സീസ്മിക് സോൺ-IV ലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്

പ്രതീകാത്മക ചിത്രം
ലഡാക്കില്‍ ഭൂചലനം. കാര്‍ഗിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മു കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 2.50-ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവിലെ വിവിധയിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള രാജ്യത്തെ സീസ്മിക് സോൺ-IV ലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ലേ, ലഡാക്ക് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്.
EQ of M: 5.2, On: 14/03/2025 02:50:05 IST, Lat: 33.37 N, Long: 76.76 E, Depth: 15 Km, Location: Kargil, Ladakh.
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/7SuSEYEIcy— National Center for Seismology (@NCS_Earthquake) March 13, 2025



ഇറ്റലിയില്‍ ഭൂചലനം
അതേസമയം, ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തെക്കൻ ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിന് സമീപം 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭൂകമ്പത്തിന് പിന്നാലെ പ്രദേശവാസികള്‍ തെരുവുകളിലേക്ക് ഓടി.
നേപ്പിൾസിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമായ പോസുവോലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്നും, പുലർച്ചെ 1.25 നാണ് ഭൂകമ്പമുണ്ടായതെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി അറിയിച്ചു.
ഭാഗികമായി തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് നിരവധി ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നേപ്പിൾസിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടുതല്‍ ഭൂചലനമുണ്ടാകുമോയെന്ന് ഭയന്ന് പ്രദേശവാസികള്‍ രാത്രി മുഴുവന്‍ വാഹനങ്ങളിലും മറ്റുമാണ് കഴിഞ്ഞത്. പ്രദേശത്ത് ഭൂകമ്പങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്.