Maoists Surrender: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി; കൂട്ടത്തിൽ ഇനാം ചുമത്തിവരും
Maoists surrender In Chhattisgarh: ബിജാപൂർ ജില്ലയിലെ ഗാംഗ്ലൂർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 14 സ്ത്രീകൾ ഉൾപ്പെടെ 30 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമാണ് കീഴടങ്ങിയിരിക്കുന്നത്.

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി (Maoists surrender) റിപ്പോർട്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമാണ് കീഴടങ്ങിയിരിക്കുന്നത്. ഇതിൽ ആറ് പേരുടെ തലയ്ക്ക് മുൻപ് ലക്ഷങ്ങൾ ഇനാം ചുമത്തിയിരുന്നു. സിആർപിഎഫ് ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുടെ മുന്നിലാണ് 22 മാവോയിസ്റ്റുകളും കീഴടങ്ങിയിരിക്കുന്നത്. ഇതുവരെ ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
കീഴടങ്ങിയ മാവോയിസ്റ്റുകളിൽ എഒബി ഡിവിഷൻ അംഗങ്ങൾ, തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പ്ലാറ്റൂൺ അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. ബിജാപൂർ ജില്ലയിലെ ഗാംഗ്ലൂർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 14 സ്ത്രീകൾ ഉൾപ്പെടെ 30 മാവോയിസ്റ്റുകളെയാണ് വധിച്ചത്. അടുത്ത വർഷം മാർച്ചോടെ ഇന്ത്യയെ മാവോയിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കാൻ സൈന്യം മുന്നോട്ട് നീങ്ങുകയാണെന്നാണ് കേന്ദ്രം ഇതിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത്. ഈ മാവോയിസ്റ്റുകളിൽ നിന്ന് സൈനികർ എകെ 47, എസ്എൽആർ, ഇൻസാസ് പോലുള്ള മാരകമായ തോക്കുകളും റൈഫിളുകളും കണ്ടെടുത്തു.
കത്വയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ വിഭാഗം, സൈന്യം, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് തിരച്ചിലിൽ പങ്കെടുത്തത്. ആയുധധാരികളായ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന കണ്ടെത്തിയെന്നും തുടർന്ന് ശക്തമായ വെടിവയ്പ്പ് നടന്നതായുമാണ് വിവരം. പ്രദേശത്ത് ഇനിയും തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ട്.