Delhi Crime: ഗർഭിണിയായതിനു പിന്നാലെ വിവാഹത്തിന് നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി
Delhi Crime: ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സോണി , കാമുകൻ സലീം (image credits: instagram)
ന്യൂഡൽഹി: വിവാഹത്തിന് നിർബന്ധിച്ചതിനു പിന്നാലെ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.
കുറച്ചു ദിവസമായി സോണിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുക്കാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിനൊടുവില്‍ യുവതിയുടെ മൃതദേഹം ഹരിയാനയിലെ റോഹ്തക്കിൽനിന്ന് കണ്ടെത്തുകയായിരുന്നു. സോണി ഏഴു മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സോണിയെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സോണി സലീമിനെ കാണാൻ പോയത്. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാണയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സലീമിനേയും ഒരു സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.