Viral Video : പ്രളയത്തിൽ പുഴ വിട്ട് കരയിലെ വീട്ടിലെത്തിയ 15 അടിക്കാരൻ മുതല വൈറലാകുന്നു
15-feet-long crocodile entered a house: കനത്ത മഴയെ തുടർന്ന് ഇവിടുത്തെ വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. സാമ പ്രദേശത്തെ കടകളിൽലും വെള്ളം കയറി.
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിരുന്നെത്തിയ മുതലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വെള്ളം കയറിയ ഒരു വീട്ടിൽ 15 അടി നീളമുള്ള മുതലയാണ് പ്രവേശിച്ചത്. കനത്ത മഴയെ തുടർന്ന് ഇവിടുത്തെ വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. സാമ പ്രദേശത്തെ കടകളിൽലും വെള്ളം കയറി.
8 അടിയിലധികം വെള്ളമുണ്ട് ഇവിടെ എന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾക്കും കടകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ ഇപ്പോഴും സാമ തടാകത്തിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്‌സ് ബേസ്‌മെൻ്റുകൾ എല്ലാം വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. ഇവിടെയും നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്തത് നാട്ടുകാരുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. പുഴയിൽ നിന്നെത്തുന്ന മുതലകളുടെ സാന്നിധ്യം ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇതിനാൽ ആഴം കുറഞ്ഞ വെള്ളത്തിലേക്ക് പോലും ആളുകൾ ഇറങ്ങാൻ മടിക്കുകയാണ്.
મગર જ મગર વડોદરામાં #Vadodara pic.twitter.com/7N4Y8gUQgv
— Janak sutariya (@Janak_Sutariyaa) August 29, 2024
ഗുജറാത്ത് ഗവൺമെൻ്റിൻ്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ ആർമിയുടെ ആറ് നിരകൾ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സൈന്യത്തിൻ്റെ വരവ്.
വഡോദരയിൽ പെയ്ത പേമാരിയെത്തുടർന്ന് ബുധനാഴ്ച വരെ 5,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും 12,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചതായും ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രളയക്കെടുതികളെക്കുറിച്ചും ദുരിതബാധിതർക്കായി നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഫോൺ സംഭാഷണത്തിനിടെ ചോദിച്ചതായാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളിലെ ശുചിത്വം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി ഉപദേശം നൽകുകയും സാധാരണ ജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തെന്ന് ഗുജറാത്ത് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്ന് കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.