OTT Release: 2024- നോട് ബെെ പറയാൻ ദിവസങ്ങൾ മാത്രം; സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കി ഒടിടി
December OTT releases: 2024 ഡിസംബർ 17-ന് ഒടിടിയിൽ റിലീസ് ചെയ്ത സിനിമ മുതൽ ഡിസംബർ 22 -ന് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ വരെ ആരാധകരിലേക്ക് എത്തും.
2024, തെന്നിന്ത്യ ഇന്ത്യൻ സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയ വർഷമാണ്. ഭാഷ വ്യത്യാസമില്ലാതെ സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിക്കാൻ തെന്നിന്ത്യൻ ചലച്ചിത്രങ്ങൾക്ക് സാധിച്ചു. ഈ ആഴ്ച നിരവധി തെലുങ്ക്, മലയാളം, തമിഴ് സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. ത്രില്ലർ സിനിമകൾ ഉൾപ്പെടെ 90’S കിഡ്സിന്റെ കഥ പറയുന്ന ചിത്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. 2024 ഡിസംബർ 17-ന് ഒടിടിയിൽ റിലീസ് ചെയ്ത സിനിമ മുതൽ ഡിസംബർ 22 -ന് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ വരെ ആരാധകരിലേക്ക് എത്തും.
സീബ്ര
ഡിസംബർ 18-ന് ആഹ AHA VIDEO എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് തെലുങ്ക് ചിത്രമായ സീബ്ര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത ചിത്രം ത്രില്ലറാണ്. ഗുണ്ടാസംഘവുമായി കവർച്ചയ്ക്കായി കൂട്ടുകൂടുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സത്യദേവ് കാഞ്ചരണ, പ്രിയ ഭവാനി ശങ്കർ, ഡാലി ധനഞ്ജയ്, അമൃത അയ്യങ്കാർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, നവംബർ 22-നാണ് തീയറ്ററിൽ റിലീസ് ചെയ്തത്.
പണി
മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ വർഷമാണ് 2024. ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ തീയറ്റർ ഹിറ്റായി മാറിയതിൽ ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച പണി ആയിരുന്നു. രണ്ട് യുവാക്കളുടെ അപ്രതീക്ഷിത വരവ് മൂലം ജീവിതം വഴിമുട്ടിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ. ജോജു ജോർജ്ജ്, സാഗർ സൂര്യ, അഭിനയ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒക്ടോബർ 24-ന് തീയറ്റിലെത്തി. സോണി ലെെവിൽ ഈ മാസം 20-നാണ് ഒടിടി റിലീസ്.
ലീല വിനോദം
തെലുങ്ക് സിനിമയായ ലീല വിനോദം റൊമാൻ്റിക്-കോമഡി രീതിയിലാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഇടിവി വിന്നിൽ ഡിസംബർ 19 മുതൽ സിനിമയുടെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്ത യൂട്യൂബർ ഷൺമുഖ് ജസ്വന്ത് അഭിനയിക്കുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് സിനിമയാണ്.
പല്ലോട്ടി
പല്ലോട്ടി 90s കിഡ്‌സ് മനോരമമാക്‌സിൽ ഡിസംബർ 18 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. ഒക്ടോബർ 25 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത 90’S കിഡ്സിന്റെ കഥപറയുന്ന സിനിമയ്ക്ക് വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ജിതിൻ രാജാണ് സംവിധാനം. അർജുൻ അശോകൻ, ബാലു വർഗീസ്, അജീഷാ പ്രഭാകരൻ, നിരജ്‍ഞന അനൂപ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിലും ചിത്രത്തിന് നേട്ടം കൊയ്യാനായി.
ബോഗൻവില്ല
ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്കുള്ള അമൽ നീരദിന്റെ കയ്യൊപ്പ് പതിച്ച ചിത്രം. സോണി ലെെവാണ് ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ജോതിർമഴി മലായള സിനിമയിലേക്ക് തിരിച്ചെത്തി. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും സുപ്രധാന വേഷങ്ങളിലെത്തുന്നു.
മെക്കാനിക്ക് റോക്കി
ആക്ഷൻ-കോമഡി ആരാധകർക്കായി വിശ്വക് സെൻ പ്രധാനവേഷത്തിലെത്തിയ മെക്കാനിക്ക് റോക്കി ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ആരംഭിച്ചു. രവി തേജ മുല്ലപ്പുടി സംവിധാനം ചെയ്ത ഈ ചിത്രം ഒരു മെക്കാനിക്കിൻ്റെ സാഹസികത കഥയാണ് പറയുന്നത്. മീനാക്ഷി ചൗധരിയും ശ്രദ്ധ ശ്രീനാഥും അഭിനേതാക്കളായ ചിത്രത്തിന് ജേക്‌സ് ബിജോയാണ് സംഗീതം നൽകിയിരിക്കുന്നത്.
കങ്കുവ
സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഡിസംബർ എട്ട് മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്. നവംബർ 14ന് തീയറ്ററുകളിലെത്തിയ സിനിമ വൻ പരാജയം ആയിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയിൽ ഇരട്ടറോളിലാണ് സൂര്യ എത്തുന്നത്. ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം ദിഷ പടാനിയും സണ്ണി ഡിയോളും അഭിനയിക്കുന്നു.