Zakir Hussain: സാക്കിർ ഹുസൈന് വിട; മരണം സ്ഥിരീകരിച്ച് കുടുംബം
Zakir Hussain Death: ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഉസ്‌താദ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ആശുപത്രിയിലാണെന്നും വ്യാജവാർത്തകൾ നൽകരുതെന്നും കുടുംബം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി സക്കിർ ഹുസെെൻ വിടപറഞ്ഞതായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ തബല മാന്ത്രികൻ ഓർമ്മയായ വാർത്ത മാധ്യമങ്ങളും നൽകി. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് വാർത്താ വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരും നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. ഇന്ന് രാവിലെയാണ് തബല മന്ത്രികൻ ഓർമ്മയായെന്ന് കുടുംബം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Zakir Hussain, 73, has died in San Francisco hospital, his family confirms.
READ: https://t.co/5NZ5BWnSQN
(File Photo) #ZakirHussain pic.twitter.com/kpw5D0wHg9
— Press Trust of India (@PTI_News) December 16, 2024
“>
തബലയിലെ സംഗീതവിസ്മയം ലോകത്തെ അറിയിച്ചതിന് പിന്നിൽ സാഹിർ ഹുസെെൻ എന്ന അതുല്യ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് അല്ലാ രഖായും സംഗീത ലോകത്തിന് നിരവധി സംഭവനകൾ നൽകിയിട്ടുണ്ട്. പിതാവിന്റെ കെെപിടിച്ചായിരുന്നു വേഗവിരലുകളാൽ സാക്കിർ വിസ്മയം തീർത്ത് തുടങ്ങിയത്. 1951-ല്‍ മുംബെെയിലെ മാഹിമിലാണ് ഇന്ത്യന്‍ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ സാക്കിറിന്റെ ജനനം.
മൂന്നാം വയസുമുതൽ സംഗീതത്തെ ഒപ്പം കൂട്ടി. 11ാം വയസിൽ അമേരിക്കയിൽ തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ചു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും നിരവധി നേട്ടങ്ങൾ കെെവരിക്കാൻ സാക്കിര്‍ ഹുസൈന് സാധിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിൽ അദ്ദേഹത്തിനു പുരസ്‌കാരം ലഭിച്ചു.
മലയാളത്തിൽ വാനപ്രസ്ഥം ഉൾപ്പെടെയുള്ള ചില സിനിമകൾക്കും സംഗീതം പകർന്നിട്ടുണ്ട്. പ്രശസ്‌ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.