Most Searched Movies In 2024: ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ സിനിമകൾ; പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സും, ആവേശവും
Year ender 2024 Top 10 Most Searched Movies: ശ്രദ്ധ കപൂർ, രാജ്‌കുമാർ റാവു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സ്ത്രീ 2 ആണ് പട്ടികയിൽ ഒന്നാമത്.
ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച വർഷമായിരുന്നു 2024. ബോളിവുഡ് മാത്രമല്ല ഈ വർഷം തെന്നിന്ത്യൻ സിനിമകളും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ, ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ശ്രദ്ധ കപൂർ, രാജ്‌കുമാർ റാവു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സ്ത്രീ 2 ആണ് പട്ടികയിൽ ഒന്നാമത്. മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സും, ആവേശവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
1. സ്ത്രീ 2
അമർ കൗശിക്കിന്റെ സംവിധാനത്തിൽ ശ്രദ്ധ കപൂർ, രാജ് കുമാർ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘സ്ത്രീ 2’. 2018-ൽ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘സ്ത്രീ 2’, ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. മഡോക്ക് ഫിലിംസിന്റെ സൂപ്പര്‍നാച്ചുറല്‍ യുണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. ‘സ്ത്രീ’, ‘ഭേടിയാ’, ‘മുഞ്ജ്യ’ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 874.58 കോടി സ്വന്തമാക്കിയ ‘സ്ത്രീ 2’ നിർമിച്ചത് ദിനേശ് വിജനും, ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ്.
2. കൽക്കി 2898 എഡി
തെലുങ്ക് ചലച്ചിത്ര മേഖലയിൽ നിന്നെത്തി പാൻ ഇന്ത്യ തലത്തിലേക്ക് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ് നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിൻ ആണ്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയിലൂടെ ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാല’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എഡി’. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിർമിച്ച ചിത്രത്തിൽ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രം നേടിയത് 1,200 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
3. 12ത്ത് ഫെയിൽ
വമ്പൻ താരനിരകൾ ഒന്നും ഇല്ലാതെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 12ത്ത് ഫെയിൽ. പ്ലസ് ടു പരീക്ഷയിൽ പരാചയപ്പെട്ടിട്ടും, തന്റെ കഠിനാദ്വാനത്തിലൂടെയും പ്രയത്നത്തിലൂടെയും യു.പി.എസ്.സി പരീക്ഷയിൽ വിജയിച്ച് ഐപിഎസ് നേടിയ മനോജ് കുമാർ ശർമയുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥനമാക്കി ചെയ്‌ത ചിത്രമാണ് ’12ത്ത് ഫെയിൽ’. വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മനോജ് കുമാർ ശർമയെ അവതരിപ്പിച്ചത് വിക്രാന്ത് മാസിയാണ്. ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ചിത്രം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി.
4. ലാപാത ലേഡീസ്
ആഗോള തലത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ‘ലാപതാ ലേഡീസ്’. 2001 കാലഘട്ടത്തിൽ വടക്കേ ഇന്ത്യയിലെ ഒരു സാങ്കൽപ്പിക ഗ്രാമമായ നിർമൽ പ്രദേശിൽ നടക്കുന്ന കഥയെന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങൾ. കിരൺ റാവുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ, കിരൺ റാവു എന്നിവർ ചേർന്നാണ്. നിതാൻഷി ഖോയാൽ, രവികൃഷൻ പ്രതിഭാരത്ന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കൂടാതെ, 97-ാമത് ഓസ്കറിലെ മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ തെരഞ്ഞെടുക്കപ്പെട്ടു.
5. ഹനുമാൻ
തേജ സജ്ജ നായകനായ ‘ഹനുമാൻ’ 2024-ലെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു. ഒരു എപ്പിക്ക് സൂപ്പർ ഹീറോ ചിത്രമായെത്തിയ ‘ഹനുമാൻ’ സംവിധാനം ചെയ്തത് പ്രശാന്ത് വർമയാണ്. ബോക്സ് ഓഫീസിൽ ആഗോളതലത്തിൽ 330 കോടിയോളം സ്വന്തമാക്കിയ ചിത്രം നിർമിച്ചത് നിരഞ്ജൻ റെഡ്‌ഡിയാണ്. അമൃത നായർ ആണ് ചിത്രത്തിലെ നായിക.
6. മഹാരാജ
പ്രമേയം കൊണ്ടും പ്രകടനങ്ങളും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വിജയ് സേതുപതി നായകനായെത്തിയ ‘മഹാരാജ’. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നിഥിലൻ സ്വാമിനാഥൻ ആണ്. ആഗോള ബോക്സ് ഓഫീസിൽ 170 കോടിയോളം നേടിയ ചിത്രം നിർമിച്ചത് പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ്. അതേസമയം, ഇന്ത്യയിൽ മാത്രമല്ല ചൈനയിലും ചിത്രം മികച്ച വിജയമാണ് കാഴ്ചവെച്ചത്. 64 കോടി രൂപയാണ് മഹാരാജ ചൈനയിൽ നിന്നും ഇതുവരെ നേടിയിരിക്കുന്നത്.
7. മഞ്ഞുമ്മൽ ബോയ്സ്
മലയാളത്തിലെ എക്കാലത്തെയും വൻ വിജയം നേടിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. 2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോയതും, അവിടെ വെച്ചുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് ചിദംബരം എസ് പൊതുവാൾ ആണ്. 200 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.
8. ദി ഗോട്ട്
ദളപതി വിജയ് നായകനായെത്തിയ ‘ദി ഗോട്ട്’ ആണ് പട്ടികയിലെ അടുത്ത ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രശാന്ത്, ജയറാം, പ്രഭുദേവ, ലൈല, പാർവതി നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി. 400 കോടി രൂപയോളം ആഗോളതലത്തിൽ നേടിയ ‘ദി ഗോട്ട്’ നിർമിച്ചത് എജിഎസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കല്പാത്തി എസ് അഘോരം, കല്പാത്തി എസ് ഗണേഷ്, കല്പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ്.
9.സലാർ
കെജിഎഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപ്രത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ശ്രീയ റെഡ്‌ഡി തുടങ്ങിയവരും ചിത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തി. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ‘സലാർ’ ആഗോള ബോക്സ് ഓഫീസിൽ നേടിയത് ഏകദേശം 700 കോടി രൂപയാണ്.
10. ആവേശം
മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ‘ആവേശം’. ‘രോമാഞ്ചം’ എന്ന ചിത്രത്തിന് ശേഷം ജീത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ ഓരോ ഡയലോഗുകളും, പാട്ടുകളും വരെ ഏറെ ശ്രദ്ധ നേടി. അൻവർ റഷീദ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അൻവർ റഷീദും, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീം ചേർന്ന് നിർമിച്ച ഈ ചിത്രം 155 കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കി.