Year Ender 2024: എടാ മോനേ 2024 അവസാനിച്ചു! എങ്കിലും എങ്ങനെ മറക്കും ഈ ഡയലോഗുകൾ
Most Used Film Dialogues in 2024: എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അതിനെ നേരിടുന്നത് ട്രെന്‍ഡിങ് ആയിട്ടുള്ള ഡയലോഗുകള്‍ പറഞ്ഞാണ്. അങ്ങനെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഒട്ടനവധി ഡയലോഗുകളും വാക്കുകളും 2024ല്‍ ഉണ്ടായിട്ടുണ്ട്. 2024ല്‍ സോഷ്യല്‍ മീഡിയ ഭരിച്ച ചില ഹിറ്റ് വാക്കുകളെ പരിചയപ്പെടാം.
2024 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ വര്‍ഷം അവസാനിക്കുമ്പോഴും നമുക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ പാകത്തിന് എന്തെങ്കിലും അവശേഷിക്കാറുണ്ട്. ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സജീവമായതിനാല്‍ ഓര്‍മകള്‍ സൂക്ഷിക്കാനും അവിടം തന്നെ ബെസ്റ്റ്.
എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അതിനെ നേരിടുന്നത് ട്രെന്‍ഡിങ് ആയിട്ടുള്ള ഡയലോഗുകള്‍ പറഞ്ഞാണ്. അങ്ങനെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഒട്ടനവധി ഡയലോഗുകളും വാക്കുകളും 2024ല്‍ ഉണ്ടായിട്ടുണ്ട്. 2024ല്‍ സോഷ്യല്‍ മീഡിയ ഭരിച്ച ചില ഹിറ്റ് വാക്കുകളെ പരിചയപ്പെടാം.
തുടക്കം ആവേശത്തോടെ തന്നെയാകാം. ആവേശം എന്ന ചിത്രത്തില്‍ രംഗണ്ണന്‍ പറയുന്ന എടാ മോനേ എന്ന ഡയലോഗ് തന്നെയാണ് കൂട്ടത്തിലെ കൊമ്പന്‍. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം എന്ന ചിത്രം 2024 ഏപ്രില്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. രംഗണ്ണനെയും പിള്ളേരെയും സ്വീകരിച്ച കൂട്ടത്തില്‍ മലയാളികള്‍ രംഗണ്ണന്റെ കിണ്ണംക്കാച്ചിയ ഡയലോഗും അങ്ങ് തൂക്കി. എടാ മോനേ എന്ന് ഒരിക്കലെങ്കിലും പറയാത്ത ഒരാള്‍ പോലും ഇന്ന് നമുക്കിടയിലുണ്ടാകില്ല. സന്ദര്‍ഭം നോക്കി എടാ മോനേ എന്ന് പരസ്പരം വിളിക്കാന്‍ ഇന്നും നമ്മള്‍ മറക്കുന്നില്ല.
രംഗണ്ണന്റെ ഷോ അവസാനിക്കുന്നില്ല, ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് രംഗണ്ണന്‍ പറയുന്നത് എങ്ങനെ മറക്കും. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്നും പറഞ്ഞ് എത്രയെത്ര റീലുകളാണ് 2024ല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രംഗണ്ണനൊപ്പം അമ്പാനോട് ശ്രദ്ധിക്കാന്‍ പറഞ്ഞു. എന്നാല്‍ രംഗണ്ണന്‍ മാത്രമല്ല ഹിറ്റായത്, അമ്പാന്റെ ശ്രദ്ധിക്കുന്നുണ്ട് അണ്ണാ എന്ന മറുപടിയും സൂപ്പര്‍ ഹിറ്റ് തന്നെ. റീലുകള്‍ കീഴടക്കിയ ഡയലോഗുകളില്‍ മുമ്പില്‍ നില്‍ക്കുന്നത് ആവേശം തന്നെയാണ്.
രംഗണ്ണനേക്കാള്‍ മുമ്പില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത് അഭിലാഷാണ്. 2024 ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ബോക്സ് ഓഫീസ് തൂത്തുവാരി കൊണ്ട് മുന്നേറിയ ചിത്രത്തിലെ അഭിലാഷിന്റെയും സുഭാഷിന്റെയും ഡയലോഗുകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
സുഭാഷ് ഗുഹയ്ക്കുള്ളിലേക്ക് വീണ സമയത്ത് അഭിലാഷിന്റെ കഥാപാത്രം പറയുന്ന സുഭാഷ് പോയി സുഭാഷ് പോയി എന്ന ഡയലോഗ് തിയേറ്ററില്‍ സങ്കടം തീര്‍ത്തെങ്കിലും ചിത്രം ഒടിടിയിലേക്ക് എത്തിയപ്പോള്‍ കോമഡിയായി. ഇതുമാത്രമല്ല, മഞ്ഞുമ്മല്‍ ബോയ്‌സിലെ രോമാഞ്ചം നല്‍കിയ സീനുകളില്‍ ഒന്നാണ് അഭിലാഷിന്റെ ലൂസടിക്കടാ എന്ന ഡയലോഗും സുഹൃത്തുക്കളുടെ ആ നോട്ടവും പിന്നാലെയുള്ള ആക്ഷനും. എന്നാല്‍ ലൂസടിക്കെടാ എന്നതും സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. ഇവയ്ക്ക് രണ്ടിനും പുറമേ മഞ്ഞുമ്മലിലെ തന്നെ ഏറ്റവും ഹിറ്റായ ആ വാക്ക് വേറെയുണ്ട്, കുട്ടേട്ടാ…കുട്ടേട്ടാ എന്ന് ഒരാളെ എങ്കിലും വിളിക്കാത്തവരും ഇന്ന് കുറവാണ്.
Also Read: Most Underrated Malayalam Movies In 2024: 2024ൽ വേണ്ടത്ര പരിഗണന കിട്ടാതെപോയ ചിത്രങ്ങൾ
ഇനി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് പോകാം. 2024 ഏപ്രില്‍ 11ന് തന്നെയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രവും തിയേറ്റുകളിലെത്തുന്നത്. തിയേറ്ററില്‍ വമ്പന്‍ ഹിറ്റായ ചിത്രത്തിനേക്കാള്‍ ഹിറ്റായ അതില്‍ നിവിന്‍ പറയുന്ന ഒരു ഡയലോഗാണ്. നിവിന്‍ പറഞ്ഞതുപോലെ ഒറ്റക്ക് വഴിവെട്ടി വന്നവനാടാ എന്ന് പറയാത്തവരും നമുക്കിടയിലില്ല അല്ലേ? അതുമാത്രമല്ല, ഒരു പാട്ട് ട്രോളായി മാറിയിട്ടുണ്ടെങ്കില്‍ അതും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേത് തന്നെയാണ്. ന്യാപകം മോതുതേ എന്ന പാട്ടിനെ കീറി മുറിച്ച് അല്ലെ മലയാളികള്‍ കൊണ്ട് നടന്നത്.
ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ പ്രേമലുവിലെ ജസ്റ്റ് കിഡ്ഡിങ് ആണ് അടുത്ത താരം. എന്തെങ്കിലും പൊട്ട തമാശ പറഞ്ഞ് ജെ കെ എന്ന് പറഞ്ഞും മലയാളി ശീലിച്ചു. നിനക്ക് പോകാന്‍ അനുവാദല്ല്യാ എന്ന് പറയാത്തവരും നമുക്കിടയില്‍ കുറവ് തന്നെ. ഭ്രമയുഗത്തില്‍ മമ്മൂട്ടി പറഞ്ഞ് വെച്ച ഡയലോഗ് പിന്നീട് സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു.
മമ്മൂട്ടി മാത്രം അങ്ങനെ സ്റ്റാറായാല്‍ പോരല്ലോ, 2024 ലെ ട്രെന്‍ഡിങ് ഡയലോഗുകളില്‍ ലാലേട്ടന്റെ നീ കണ്ടതെല്ലാം പൊയ് കാണപ്പോവത് നിജം എന്ന ഡയലോഗും ഇടംപിടിച്ചിരുന്നു. പല അര്‍ത്ഥങ്ങളിലാണ് ഈ ഡയലോഗ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.
സിനിമാ ഡയലോഗുകള്‍ മാത്രമല്ല 2024ല്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്. ബിഗ് ബോസ് സംപ്രേഷണം ആരംഭിച്ചതോടെ ജാസ്മിന്റെയും ഗബ്രിയുടെയും പേര് കൂട്ടിച്ചേര്‍ത്ത് ജബ്രി എന്ന വാക്കും സോഷ്യല്‍ മീഡിയ പുതുതായി ഉണ്ടാക്കിയെടുത്തിരുന്നു.
ഇതെല്ലാം കഴിഞ്ഞ് അവസാനം മലയാളി എത്തിച്ചേര്‍ന്നത് പച്ചവീട്ടില്‍ പ്രശ്‌നേഷിലേക്കാണ്. നാടും വീടും വൃത്തിയാക്കി അങ്ങനെ ആ ഗ്രീന്‍ ഹൗസുകാരന്‍ പച്ചവീട്ടില്‍ പ്രശ്‌നേഷായി. അങ്ങനെ ട്രോളി ട്രോളി അങ്ങ് ഇല്ലാതാക്കാനും മലയാളികള്‍ മറന്നില്ല.