Top Trending Malayalam Songs 2024 :ആവേശം പകർന്ന ഇല്യുമിനാറ്റി മുതൽ അങ്ങു വാന കോണില് വരെ; 2024-ൽ ഹിറ്റടിച്ച പാട്ടുകൾ
Top Trending Malayalam Songs 2024: ഈ വർഷം സംഗീതപ്രേമികളുടെ ഹൃദയം കവർന്ന സിനിമാഗാനങ്ങൾ ഏതെന്നു നോക്കാം. ആവേശം പകർന്ന ഇല്യുമിനാറ്റിയും ഏയ് ബനാനെയും മുതൽ മനസ്സുതൊട്ട മെലഡികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാളിയുടെ മനസ്സിൽ നിരവധി ഹിറ്റ് പാട്ടാണ് കയറികൂടിയത്. ഈ വർഷം സംഗീതപ്രേമികളുടെ ഹൃദയം കവർന്ന സിനിമാഗാനങ്ങൾ ഏതെന്നു നോക്കാം. ആവേശം പകർന്ന ഇല്യുമിനാറ്റിയും ഏയ് ബനാനെയും മുതൽ മനസ്സുതൊട്ട മെലഡികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ഇല്ലുമിനാറ്റി (ചിത്രം: ആവേശം)
കൊച്ചുകുട്ടികൾ മുതൽ പ്രായമായവരുടെ ഇടയിൽ വരെ കത്തികയറിയ പാട്ടാണ് ആവേശത്തിലെ ഇല്ലുമിനാറ്റി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്ന് ഡാബ്സിയാണ് ഗാനം ആലപിച്ചത്. 237 മില്യൺ വ്യൂസ് ആണ് ഗാനം നേടിയത്. ഫഹദ് ഫാസിലാണ് ‘ആവേശം’ സിനിമയിൽ നായകനായി എത്തുന്നത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
അങ്ങു വാന കോണില് (ചിത്രം: എ ആർ എം)
റീൽസിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുന്ന പാട്ടാണ് ടൊവിനോ തോമസ് നായകനായെത്തിയ എആർഎമ്മിലെ അങ്ങു വാന കോണില് എന്ന പാട്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ദിബു നൈനാന്‍ തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. യൂട്യൂബിൽ പാട്ട് ഇതിനകം 34 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
ഏയ് ബനാനേ (ചിത്രം: വാഴ)
ഏയ് ബനാനേ ഒരു പൂ തരാമോ എന്ന വാഴ എന്ന സിനിമയിലെ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിറ്റാവുകയായിരുന്നു. അനുനിമിഷമെന്നോണം ഈ ഗാനത്തില്‍ യുവാക്കളുടെയും ടീനേജുകളുടെയും ഹൃദയം കീഴടക്കി. വിനായക് ശശികുമാറിന്റെ വരികൾ ഒരുക്കിയത് ഇലക്ട്രോണിക് കിളി എന്നറിയപ്പെടുന്ന ജോഫിൻ ആണ്. 36 മില്യൺ ആണ് ഗാനത്തിന്റെ യൂട്യൂബ് വ്യൂസ്.
കിളിയേ (ചിത്രം: എ ആർ എം)
ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ എത്തിയ എആർഎമ്മിലെ ‘കിളിയേ’ എന്ന തുടങ്ങുന്ന ഗാനം മലയാളി മനസിനെ കീഴടക്കിയിരുന്നു. മനു മൻജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി ഹരിശങ്കറും അനില രാജീവും ചേർന്നു പാടിയ ഗാനം യൂട്യൂബിൽ ഇതിനകം 28 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
മാതാപിതാക്കളേ മാപ്പ് (ചിത്രം: ആവേശം)
ഫഹദ് ഫാസിലിനെ നായകനായി എത്തിയ ആവേശത്തിലെ മാതാപിതാക്കളേ മാപ്പ് എന്ന ഗാനവും ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സുഷിന്‍ ശ്യാം കമ്പോസ് ചെയ്ത ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും എംസി കൂപ്പറും ചേര്‍ന്നാണ്. മലയാളി മങ്കീസും എംസി കൂപ്പറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പെരിയോനെ (ചിത്രം: ആടുജീവിതം)
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ ഗാനങ്ങളും സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ പെരിയോനെ എന്ന ഗാനം ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ ഗാനമായിരുന്നു. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. യൂട്യൂബിൽ ഈ ഗാനം 18 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
സ്തുതി (ചിത്രം: ബൊഗെയ്ൻ വില്ല)
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബൊഗെയ്ൻവില്ലയിലെ ഗാനവും ഈ വർഷം ഇറങ്ങിയ ഹിറ്റ് പാട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ‘സ്തുതി’ എന്ന് പേരുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സുഷിന് ശ്യാമാണ്. ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ആലാപനം. 9 മില്യൺ വ്യൂസ് ചിത്രം നേടി കഴിഞ്ഞു.