5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Toxic: യഷ് ചിത്രമായ ‘ടോക്സിക്കി’ന്റെ ഷൂട്ടിങ്ങിനായി മുറിച്ചത് നൂറുകണക്കിന് മരങ്ങൾ; സിനിമയ്‌ക്കെതിരെ വനം വകുപ്പ്

Yash Toxic Movie Controversy: സംഭവസ്ഥലം സന്ദർശിച്ച വനം മന്ത്രി ഈശ്വർ ഖൻഡ്രെ, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Toxic: യഷ് ചിത്രമായ ‘ടോക്സിക്കി’ന്റെ ഷൂട്ടിങ്ങിനായി മുറിച്ചത് നൂറുകണക്കിന് മരങ്ങൾ; സിനിമയ്‌ക്കെതിരെ വനം വകുപ്പ്
മരം മുറിക്കുന്നതിന് മുമ്പും ശേഷവുമുള്ള സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ. (Image Courtesy: Eshwar Khandre X)
nandha-das
Nandha Das | Updated On: 31 Oct 2024 14:25 PM

ബെംഗളൂരു: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നടൻ യഷ് നായകനായെത്തുന്ന പുതിയ ചിത്രം ‘ടോക്സിക്’ വിവാദത്തിൽപ്പെടുന്നത് കഴിഞ്ഞ ദിവസമാണ്. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളൂരു പീനിയയിൽ വനംവകുപ്പിന്‍റെ അധീനതയിലുള്ള എച്ച്എംടി കോംപൗണ്ടിലെ വനഭൂമിയിൽ നിന്നും നൂറു കണക്കിന് മരങ്ങൾ വെട്ടിമാറ്റിയതാണ് വിവാദമായത്. ഇപ്പോഴിതാ, സംഭവത്തിൽ നടപടി എടുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.

സംഭവസ്ഥലം സന്ദർശിച്ച വനം മന്ത്രി ഈശ്വർ ഖൻഡ്രെ, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ സിനിമ നിർമാതാക്കൾ അടിയന്തരമായി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എച്ച്എംടിയുടെ അധീനതയിലുള്ള ഈ സ്ഥലം റിസർവ് വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് നടപടിക്കൊരുങ്ങുന്നത്.

മരം മുറിച്ച പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങൾ മന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. നൂറു കണക്കിന് മരങ്ങൾ വെട്ടിമാറ്റിയത്, ഈ ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ വലിയ സെറ്റിട്ട് ഷൂട്ടിങ് ആരംഭിച്ചിട്ട് മാസങ്ങളായെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഞാനുണ്ടായതിന് ശേഷം അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീടുപോലുമില്ല: ധ്യാന്‍ ശ്രീനിവാസന്‍

പീനിയയിലെ 599 ഏക്കർ ഭൂമിയുടെ പേരിൽ, കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മിലുള്ള തർക്കമാണ് ‘ടോക്‌സിക്കി’ന്റെ സംഘത്തിന് വിനയായത്. കേന്ദ്ര മന്ത്രിയായ എച്ച്ഡി കുമാരസ്വാമി, എച്ച്എംടി പുനരുദ്ധീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കം ആരംഭിച്ചത്. ഇത് വനംവകുപ്പിന്റെ റിസർവ് വനമാണെന്നും, 1960-ൽ എച്ച്എംടിക്ക് ഈ സ്ഥലം നിയമവിരുദ്ധമായി കൈമാറുകയായിരുന്നു എന്നുമാണ് ഈശ്വർ ഖാൻഡ്രെ പറയുന്നത്.

ഭൂമി എച്ച്എംടി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച മന്ത്രി, ഇത് ഏറ്റെടുക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാൽ, ഈ ഭൂമി സ്വകാര്യ സ്ഥലമാണെന്നും, ഇവിടെ ചിത്രീകരണം നടത്തുന്നത് നിയമലംഘനമല്ലെന്നും സിനിമ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പറഞ്ഞു. അതിനിടെ, എച്ച്എംടിയുടെ ഭൂമിയിൽ അതിക്രമിച്ചു കയറിയതിന് ഈശ്വർ ഖൻഡ്രെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്ഡി കുമാരസ്വാമിയും അറിയിച്ചു.