5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Chithra : കരിയറിൽ കത്തി നിൽക്കുമ്പോൾ വിവാഹം, എന്നാൽ വീണ്ടും സജീവമാകുന്നതിനിടെ അപ്രതീക്ഷിത വിയോഗം; നടി ചിത്രയ്ക്ക് സംഭവിച്ചത്

How Actress Vanished From Cinema Industry : മലയാളിയാണെങ്കിലും ചിത്രയുടെ സിനിമ കരിയറിന് തുടക്കം കുറിക്കുന്നത് തമിഴിൽ ബാലതാരമായിട്ടായിരുന്നു. മോഹൻലാലിൻ്റെ നായികയായിട്ടാണ് ചിത്ര മലയാളത്തിലേക്ക് എത്തുന്നത്.

Actress Chithra : കരിയറിൽ കത്തി നിൽക്കുമ്പോൾ വിവാഹം, എന്നാൽ വീണ്ടും സജീവമാകുന്നതിനിടെ അപ്രതീക്ഷിത വിയോഗം; നടി ചിത്രയ്ക്ക് സംഭവിച്ചത്
നടി ചിത്രImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 07 Jan 2025 21:43 PM

സാക്ഷാൽ കെ എസ് ചിത്ര ആലപിച്ച മലയാളത്തിലെ എവർഗ്രീൻ ഹിറ്റുകളായ ‘നീല കുയിലേ ചൊല്ലൂ…’, ‘ആ രാത്രി മാഞ്ഞു പോയി…’ തുടങ്ങിയ ഗാനങ്ങളുടെ സ്ക്രീനിലെ മുഖം മറ്റൊരു ചിത്രയുടേതായിരുന്നു. കെ എസ് ചിത്രയുടെ ശബ്ദത്തിന് സ്ക്രീനിൽ ഇത്രയധികം മനോഹാരിത നടി ചിത്ര (Actress Chithra) നൽകിയത് പോലെ മറ്റാരും മലയാളത്തിൽ നൽകിട്ടില്ല. തുടത്ത കവിൾ തടങ്ങൾ, ഉണ്ട കണ്ണുകൾ സാധാരണക്കാരനായ ഒരു മലയാളി പുരുഷനെ ആകർഷിക്കുന്ന സൗന്ദര്യത്തിൻ്റെ ഉടമ. കേവലം നായിക മാത്രമല്ല ഒരു അഭിനേതാവ് എന്ന നിലയിൽ ഏത് കഥാപാത്രങ്ങളും ചെയ്യാനുള്ള ശരീരഭംഗി അന്ന് ചിത്രയ്ക്കുണ്ടായിരുന്നു. എന്നാൽ കരിയറൻ്റെ മികവിൽ നിൽക്കുമ്പോൾ തന്നെ ചിത്രയ്ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നു.

ബാലതാരമായിട്ടാണ് ചിത്ര സിനിമയിലേക്കെത്തുന്നത്. ജനിച്ചത് കൊച്ചിയാലാണെങ്കിലും ചിത്ര വളർന്നത് ചെന്നൈയിലാണ്. കമൽ ഹാസൻ്റെ അപൂർവ്വ രാഗങ്ങളിൽ ബാലതാരമായിട്ടാണ് ചിത്രയുടെ സിനിമ-ജീവിതം ആരംഭിക്കുന്നത്. മലയാളത്തിൽ സൈഡ് കഥാപാത്രങ്ങളായി ചില ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷമാണ് പ്രേം നസീർ- മോഹൻലാൽ ചിത്രമായ ആട്ടക്കലാശത്തിലൂടെ ചിത്ര മലയാളത്തിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്. 80കളുടെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ മാത്രമായിരുന്നു ചിത്രയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്.

ALSO READ : Suchitra Murali: മോഹന്‍ലാലിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച നടി, പക്ഷേ ഭാഗ്യം തുണച്ചില്ല; മലയാളി മറന്ന 90 കളിലെ താര സുന്ദരി

പിന്നീട് ചിത്രയ്ക്ക് പ്രാധാന്യമർഹിക്കുന്ന വേഷങ്ങൾ ലഭിക്കുന്നത് ഹരിഹരൻ-എം.ടി കൂട്ടുകെട്ടിലെത്തിയ പഞ്ചാഗ്നി എന്ന സിനിമയിലാണ്. സക്കൻഡ് ഹീറോയിൻ തുല്യമായ വേഷവും ആ രാത്രി മാഞ്ഞു പോയി എന്ന ഗാനത്തിൻ്റെ സീനും ചിത്രയുടെ കരിയറിന് ഏറെ ഗുണം ചെയ്തു. തുടർന്ന് വടക്കൻ വീരഗാഥയിലും ശ്രദ്ധേയമായ വേഷം ഹരിഹരൻ ചിത്രയ്ക്ക് നൽകി. ആ വേഷങ്ങൾ നൽകുമ്പോൾ തനിക്ക് ചിത്രയിന്മേൽ പൂർണ വിശ്വാസമുണ്ടായിരുന്നുയെന്നാണ് ഒരിക്കൽ സംവിധായകൻ ഹരിഹരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഇവയ്ക്കെല്ലാം പുറമെ ചിത്ര തൻ്റെ കരിയറിൻ്റെ ഏറ്റവും മികവിലേക്കെത്തിയത് 90കളിലാണ്. അമരത്തിൽ ചന്ദ്രികയെന്ന മമ്മൂട്ടിയുടെ നായിക. അദ്വൈതം സിനിമയിലെ നീല കുയിലേ എന്ന മോഹൻലാലിനൊപ്പമുള്ള ഗാനം രംഗം, ഏകലവ്യനിലെ സന്യാസിനി, ദേവാസുരത്തിലെ സുഭദ്രാമ തുടങ്ങിയവയാണ് ചിത്ര അവതരിപ്പിച്ച ഏറ്റവും മികച്ച ചില വേഷങ്ങൾ. 90കളുടെ അവസാനത്തേക്കെത്തിയപ്പോൾ ചിത്രയിലേക്ക് കൂടുതലുമെത്തിയത് അമ്മ വേഷങ്ങളായിരുന്നു.

കരിയർ അവസാനിപ്പിക്കാനുള്ള കാരണം

കുടുംബത്തിന് പ്രാധാന്യം നൽകികൊണ്ടാണ് താൻ സിനിമയിൽ നിന്നും വിട്ട് മാറി നിന്നതെന്നാണ് ഒരുക്കിൽ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്ര വ്യക്തമാക്കിയത്. തൻ്റെ അമ്മ മരിക്കുന്ന സമയത്ത് തനിക്ക് കൂടുതൽ നേരം അവർക്കൊപ്പം ചിലവഴിക്കാൻ സാധിച്ചില്ല. പിന്നീട് അച്ഛന് വൃക്ക സംബന്ധമായ അസുഖം ബാധിച്ചതോടെയാണ് ചിത്ര സിനിമയെ പൂർണമായി കൈവിട്ടത്. അമ്മയെ പരിപാലിക്കാൻ സാധിക്കാത്തതിൻ്റെ കുറ്റബോധത്തിലാണ് അച്ഛനെ പരിപാലിക്കാനായി താൻ ആ തീരുമാനമെടുത്തതെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സിനിമ ഉപേക്ഷിച്ച് പിതാവിനെ ശുശ്രൂഷിക്കുന്ന സമയത്താണ് ചിത്രയുടെ വിവാഹവും നടക്കുന്നത്. ബിസിനസുകാരനായ വിജയരാഘവനായിരുന്നു ചിത്രയുടെ ഭർത്താവ്. ഭർത്താവിനും വീട്ടുകാർക്കും സിനിമ മേഖലയോട് താൽപര്യമുണ്ടാകില്ലയെന്ന് കരുതി താൻ തന്നെയാണ് അഭിനയം വേണ്ടെന്ന വെക്കാൻ തീരുമാനിച്ചത്. ഇതെ തുടർന്ന് നിരവധി ഓഫറുകൾ വേണ്ടെന്നും വെച്ചിട്ടുണ്ടെന്നും നടി തൻ്റെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തിരിച്ചുവരവ്

എന്നാൽ തൻ്റെ തീരുമാനം തെറ്റാണെന്നും ഭർത്താവിന് താൻ ജോലിക്ക് പോകുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്ന മനസ്സിലാക്കിയതോടെ ചിത്ര വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. അതിന് ശേഷമാണ് നടി മലയാളത്തിൽ മഴവില്ല, ദിലീപ് ചിത്രം സൂത്രധാരൻ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഏതാനും തമിഴ് ചിത്രങ്ങളിൽ ചിത്ര അഭിനയിച്ചിരുന്നു. എന്നാൽ രണ്ട് വരവിൽ താരത്തിന് സീരിയൽ മേഖലയിലേക്ക് ഒതുങ്ങി പോകേണ്ടി വന്നു. നിരവധി തമിഴ് സീരിയലുകളിൽ പ്രധാനവേഷങ്ങൾ ചിത്ര അവതരിപ്പിച്ചിട്ടുണ്ട്.

അപ്രതീക്ഷിത വിയോഗം

തിരികെ വന്ന സിനിമയിലും സീരിയലുമായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ചിത്രയെ മരണം കീഴടക്കുന്നത്. 2021 ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്ന് 56-ആം വയസിൽ നടി മരണപ്പെട്ടു. പിന്നാലെ മാസങ്ങൾക്കുള്ളിൽ നടിയുടെ ഭർത്താവ് വിജയരാഘവനും മരണപ്പെട്ടിരുന്നു.