Director P Balachandra Kumar: നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവായ സാക്ഷി; ദിലീപിന്റെ മുന്‍ സുഹൃത്ത്; ആരാണ് പി ബാലചന്ദ്രകുമാര്‍
Who is Director P Balachandra Kumar: പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ ദിലീപുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഇദ്ദേഹം ദിലീപിന്റെ സുഹൃത്തായി മാറി.
തിരുവല്ല: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമാണ് അന്തരിച്ച പി ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക മൊഴി നൽകിയതിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം പുരോഗമിക്കവേ എന്ത് സംഭവിക്കുമെന്ന ആകാംഷയിലാണ് ഓരോ പ്രേക്ഷകരും. അതിനിടെയാണ് കേസിന് വഴിത്തിരിവായ സാക്ഷി പി ബാലചന്ദ്രകുമാറിന്റെ മരണ വാർത്ത എത്തിയത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമുള്ള ദിലീപിന്റെ ചില ഓഡിയോ സംഭാഷണങ്ങൾ ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരുന്നു. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ ദിലീപുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ദിലീപിന്റെ സുഹൃത്തായി മാറിയ ഇദ്ദേഹം, നടനെതിരെ നിർണായക തെളിവുകൾ ഹാജരാക്കിയത് സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു.
തന്റെ സിനിമകളിലൂടെ അദ്ദേഹം അത്രയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആസിഫ് അലി നായകനായ ‘കൗബോയ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏക ചിത്രം. എന്നാൽ, ഇതിന് പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞില്ല. പിന്നീട് പല സിനിമകളും പ്ലാൻ ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. മോഹന്‍ലാലിനെ നായകനാക്കി ‘സ്‌പെഷ്യലിസ്റ്റ്’ എന്ന ചിത്രം 2014ല്‍ പ്രഖ്യാപിച്ചെങ്കിലും അത് ഉപേക്ഷിക്കേണ്ടി വന്നു.
ALSO READ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു
പിന്നീടാണ് ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയുമായി നടൻ ദിലീപിനെ സമീപിക്കുന്നത്. കഥ ദിലീപിന് ഇഷ്ടമാവുകയും, ദിലീപിന്റെ അളിയൻ ഇതിന് തിരക്കഥ എഴുതാമെന്ന രീതിയിലേക്കും കാര്യങ്ങൾ നീങ്ങി. സിനിമ നിര്‍മ്മിക്കാന്‍ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തയ്യാറായി. തുടർന്നാണ് ദിലീപിനെതിരെ കേസ് വരുന്നതും, ബാലചന്ദ്രകുമാര്‍ സംഭവത്തിൽ നിർണായ വെളിപ്പെടുത്തലുകൾ നടത്തുന്നതും. ഇതിനിടെ ബാലചന്ദ്രകുമാറിന് വൃക്കരോഗം പിടിപെട്ടു. എന്നാൽ രോഗാവസ്ഥയിലും അദ്ദേഹം കേസിലെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരായിരുന്നു.
ദിലീപിനെതിരെ 51 പേജുള്ള രഹസ്യമൊഴിയാണ് ബാലചന്ദ്രകുമാർ രേഖപ്പെടുത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തി എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കേസിൽ ആദ്യം ദിലീപിനെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത്.