Shine Tom Chacko : മല പോലെ വന്നത് എലി പോലെ പോയി, ഒടുവില്‍ എല്ലാം കോംപ്ലിമെന്റായി? ഷൈന്‍ ടോം കേസിന്റെ നാള്‍വഴികളിലൂടെ
Shine Tom Chacko Case: മല പോലെ വന്നത് എലി പോലെ പോയെന്ന് തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ മുന്നോട്ട് പോക്ക്. ലഹരിക്കേസില്‍ ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. കേസ് തിരിച്ചടിയാകുമോയെന്നാണ് പൊലീസിന്റെ ആശങ്ക. നടനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും തീരുമാനമായില്ല

സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടി വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലായിരുന്നു എല്ലാത്തിന്റെയും തുടക്കം. നടന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും, അയാളുടെ മോശം പെരുമാറ്റത്തെക്കുറിച്ചും വിന്‍സി നടത്തിയ വെളിപ്പെടുത്തല്‍ സ്വഭാവികമായും ഏറെ ചര്‍ച്ചയായി. നടന്റെ പേര് വിന്‍സി പറഞ്ഞില്ലെങ്കിലും, സോഷ്യല്‍ മീഡിയ വിവിധ പേരുകളിലേക്ക് വിരല്‍ ചൂണ്ടി. സിനിമയിലെ ആഭ്യന്തര പരാതി സെല്ലിനും ഫിലിം ചേമ്പറിനും നടി പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ വിന്‍സി ആരോപണമുന്നയിച്ച നടന്റെ പേര് എങ്ങനെയോ പുറത്തായി. ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയ വിരല്‍ ചൂണ്ടിയ പേരുകളിലൊന്ന്. സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു വിന്‍സിക്ക് മോശം അനുഭവം നേരിട്ടത്. ഇന്നേക്ക് ഏകദേശം ഒരാഴ്ച മുമ്പാണ് വിന്‍സിയുടെ ആരോപണവും, അനുബന്ധ സംഭവവികാസങ്ങളും അരങ്ങേറിയത്. വിവാദങ്ങളില്‍ പിന്നീട് എന്തു സംഭവിച്ചു? ആ നാള്‍വഴികളിലൂടെ…
നടന്റെയോ, സിനിമയുടെയോ പേര് പുറത്തുപറയാന്‍ വിന്‍സിക്കും താല്‍പര്യമില്ലായിരുന്നു. പേര് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടാണ് വിന്‍സി പരാതി നല്‍കിയതും. എന്നിട്ടും ആ പേര് പുറത്തായി. ഷൈനിന്റെയും, സൂത്രവാക്യം സിനിമയുടെയും പേര് പുറത്തുവന്നതിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിന് പിന്നില്‍ ഫിലിം ചേമ്പറാണെന്നായിരുന്നു ആരോപണങ്ങള്‍. ഷൈനിന്റെ പേര് പുറത്തുവന്നതില്‍ വിന്‍സി മാധ്യമങ്ങളിലൂടെ തുറന്നടിച്ചു. കാണിച്ചത് വിശ്വാസവഞ്ചനയാണെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം.
വിന്‍സിയുടെ പരാതിയില്‍ ശക്തമായ നടപടികളുണ്ടാകുമെന്നായിരുന്നു ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് വ്യക്തമാക്കിയത്. ഷൈനിനെ അമ്മയില്‍ നിന്ന് പുറത്താക്കുമെന്നും, സിനിമയില്‍ നിന്ന് വിലക്കുമെന്നടക്കം പ്രചാരണങ്ങള്‍ ഉയര്‍ന്നു. പക്ഷേ, പിന്നീട് സംഭവിച്ചതോ?




റണ്‍ ഷൈന്‍ റണ്‍
വിന്‍സി ഉന്നയിച്ച ആരോപണം, മറ്റ് പല സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് പിന്നീട് കണ്ടത്. കലൂരിലുള്ള പിജിഎസ് വേദാന്ത ഹോട്ടലില്‍ ഡാന്‍സാഫ് സംഘമെത്തിയത് അറിഞ്ഞ് പാതിരാത്രിയില്‍ സിനിമാ സ്റ്റൈലില്‍ ഓടിരക്ഷപ്പെട്ടത് കഴിഞ്ഞ 16-ാം തീയതിയാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് സിനിമാ രംഗങ്ങളെ വെല്ലും വിധമായിരുന്നു താരത്തിന്റെ രക്ഷപ്പെടല്‍.
സിനിമയിലാണെങ്കില്‍ ഡ്യൂപുകളെ വച്ച് ചിത്രീകരിക്കേണ്ട രംഗങ്ങള്‍. എന്നാല്‍ പൊലീസ് എത്തിയത് ഷൈനിനെ തേടിയല്ലായിരുന്നുവെന്നാണ് പിന്നീട് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എങ്കിലും ഷൈന്‍ ഓടി. സംഭവം വാര്‍ത്തയുമായി. ഇതിനിടെ ഷൈനുമായി ബന്ധപ്പെട്ട പഴയ കൊക്കെയ്ന്‍ കേസും ചര്‍ച്ചയായി. കേസില്‍ താരത്തെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഇതിന് പിന്നാലെ, ഷൈനിനോട് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി.
അറസ്റ്റ്, ജാമ്യം
തുടര്‍ന്ന് 19ന് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകളും കോളുകളും, ഗൂഗിൾ പേ ഇടപാടുകമടക്കം അന്വേഷണസംഘം പരിശോധിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ ഷൈന്‍ പതറിയെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒടുവില്‍ രാസലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും, കൂത്താട്ടുകുളത്തെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയും തേടിയെന്നും താരം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു നടനെതിരെ ചുമത്തിയിരുന്നത്. അതുകൊണ്ട് അന്ന് വൈകുന്നേരം തന്നെ സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.
ഒടുവില്‍ എന്ത് സംഭവിച്ചു?
മല പോലെ വന്നത് എലി പോലെ പോയെന്ന് തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ മുന്നോട്ട് പോക്ക്. ലഹരിക്കേസില്‍ ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. കേസ് തിരിച്ചടിയാകുമോയെന്നാണ് പൊലീസിന്റെ ആശങ്ക. നടനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും തീരുമാനമായില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഷൈനിന്റെ നീക്കം.
വിന്‍സി ഉന്നയിച്ച ആരോപണങ്ങളിലും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം. ആഭ്യന്തര സമിതി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഘടനയ്ക്കുള്ളിലുള്ള നടപടികളാണ് വിന്‍സിയും ആഗ്രഹിച്ചത്. നിയമനടപടികളിലേക്ക് കടക്കാന്‍ നടിക്കും താല്‍പര്യമില്ല.
ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ സംഘടനാ തലത്തിലുള്ള നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇന്റേണല്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് വിന്‍സിയുടെ നിലപാട്. എന്തായാലും, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലൊക്കേഷനുകളിലടക്കം ലഹരി പരിശോധന ശക്തമാക്കുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. എന്നാല്‍ അത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല.