WCC: സീറോ ടോളറൻസ് പോളിസി… ലഹരിയും പീഡനവും പാടില്ല; സിനിമാപെരുമാറ്റച്ചട്ടത്തിൻ്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
WCC Cinema Code Of Condut: തൊഴിലിടത്തിൽ ആർക്കെതിരേയും ഭീഷണി, തെറിവാക്കുകൾ, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുതെന്നും ഏജന്റുമാർ കമ്മിഷൻ കൈപ്പറ്റരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. സീറോ ടോളറൻസ് പോളിസി’ എന്ന തലക്കെട്ടിൽ സാമൂഹികമാധ്യമത്തിലാണ് ഇത് പങ്കുവച്ചത്.
കൊച്ചി: സിനിമ മേഖലയിൽ ലൈംഗിക പീഡനം പാടില്ലെന്നും ലഹരിപദാർഥങ്ങൾക്ക് അടിമപ്പെട്ട് തൊഴിലിൽ ഏർപ്പെടാൻ പാടില്ലെന്നുമുള്ള നിർദേശങ്ങളുമായി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം ഡബ്ല്യുസിസി പുറത്തിറക്കി. തൊഴിലിടത്തിൽ ആർക്കെതിരേയും ഭീഷണി, തെറിവാക്കുകൾ, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുതെന്നും ഏജന്റുമാർ കമ്മിഷൻ കൈപ്പറ്റരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
സീറോ ടോളറൻസ് പോളിസി’ എന്ന തലക്കെട്ടിൽ സാമൂഹികമാധ്യമത്തിലാണ് ഇത് പങ്കുവച്ചത്. ലിംഗവിവേചനവും പക്ഷപാതവും വർഗ, ജാതി, മത, വംശവിവേചനവും പാടില്ലെന്നും പങ്കുവെച്ച നിർദേശങ്ങളിൽ പറയുന്നു. മേൽപ്പറഞ്ഞ ലംഘനമുണ്ടായാൽ പരാതിപ്പെടാൻ ഔദ്യോഗിക പരിഹാരസമിതിവേണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സിനിമയിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ മാർഗരേഖയുടെ അടിസ്ഥാനത്തിൽവേണം തുല്യതയും നീതിയും സർഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നും പെരുമാറ്റച്ചട്ടത്തിൽ ചൂണ്ടികാട്ടുന്നു. സിനിമയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് ഡബ്ല്യുസിസി മൗനം പാലിക്കുന്നുവെന്ന് നേരത്തെ കടുത്ത വിമർശനം ഉയർന്നിരുന്നു.
സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്. ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണിത്.
“എന്തു പ്രശ്നം? ഒരു പ്രശ്‌നവുമില്ല”
ഇത്തരം നിഷേധങ്ങൾ പൊതുബോധത്തെ മാത്രമല്ല സിനിമയിൽ പണിയെടുക്കുന്നവരുടെ അനുഭവത്തെയും അപഹസിക്കലാണ്.
ഇവിടെ നടന്ന ഹേമ കമ്മിറ്റി റിപ്പോർട്ടും (സർക്കാർ നിയോഗിച്ച പഠനം), ഷിഫ്റ്റ് ഫോക്കസ്സും (ദക്ഷിണേന്ത്യയിലെ സിനിമാ വ്യവസായങ്ങളെക്കുറിച്ചുള്ള പഠനം), അടൂർ കമ്മറ്റി റിപ്പോർട്ടും (സർക്കാർ നിയോഗിച്ച സമിതിയുടെ പഠനം) ചലച്ചിത്ര വ്യവസായ രംഗത്തെ “പ്രശ്‌നം” അതീവഗുരുതരമെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മുൻഗാമികളുടെയും ഇപ്പോൾ പണിയെടുക്കുന്നവരുടെയും അനുഭവങ്ങളും അതിൻ്റെ സാക്ഷ്യങ്ങളാണ്.
പരിഹാരത്തിന്റെ പക്ഷത്ത് നിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കാം.
ലൈംഗിക പീഡനം പാടില്ല (2013ലെ പോഷ് നിയമം അനുശാസിക്കും വിധം). ലിംഗവിവേചനമോ പക്ഷപാതമോ ലൈംഗികാതിക്രമമോ പാടില്ല. വർഗ്ഗ ജാതി മത വംശ വിവേചനം പാടില്ല. ലഹരിപദാർത്ഥങ്ങൾക്ക് അടിപ്പെട്ട് തൊഴിലിൽ ഏർപ്പെടാൻ പാടില്ല. ഏജന്റുമാർ അനധികൃത കമ്മീഷൻ കൈപ്പറ്റാൻ പാടില്ല. തൊഴിലിടത്ത് ആർക്കുമെതിരെയും ഭീഷണി, തെറിവാക്കുകൾ, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴിൽ തടസ്സപ്പെടുത്തൽ എന്നിവ പാടില്ല. ലംഘനമുണ്ടായാൽ പരാതിപ്പെടാൻ ഔദ്യോഗിക പരിഹാര സമിതി.